പരിശോധന കടുപ്പിച്ചതു വിനയായി: വിഷുപ്പടക്കം പകുതിയും വിറ്റില്ല
1416894
Wednesday, April 17, 2024 4:17 AM IST
വൈപ്പിൻ: തെരഞ്ഞെടുപ്പ് സ്ക്വാഡിന്റേയും പോലീസിന്റേയും വിഷുപ്പടക്ക വിപണിയിലെ കർശന പരിശോധനകൾ പടക്ക മൊത്ത വ്യാപാരികളുടെ വയറ്റത്തടിച്ചു. വിഷുവിന് ഒരാഴ്ച മുന്നേ ചില്ലറ വില്പനക്കാർ മൊത്തവ്യാപാരികളുടെ പക്കൽ നിന്നു പടക്കം വാങ്ങി തെരുവോരങ്ങളിൽ കച്ചവടം നടത്തുകയാണ് പതിവ്.
മൊത്ത വ്യാപാരികൾ വിഷുക്കാലത്ത് വില്പനക്കായി ശേഖരിക്കുന്ന പകുതിയോളം പടക്കങ്ങൾ ഇത്തരം ചെറുകിടക്കാർ വാങ്ങി വിൽക്കും. ഇത്തവണ കർശന പരിശോധന കാരണം റോഡരികിലും മറ്റും തട്ടിട്ട് പടക്കവും കമ്പിത്തിരിയും വിൽക്കുന്ന ചില്ലറ വില്പനനക്കാർ ഉണ്ടായില്ല.
പാനൂർ ബോംബ് സ്ഫോടനത്തെ തുടർന്നുള്ള പോലീസ് പരിശോധനകളും പടക്ക വിപണിക്ക് വിനയായി.
ചില്ലറ വില്പനക്കാർ വിപണിയിൽ നിന്ന് പിൻവലിഞ്ഞതോടെ മൊത്തകച്ചവടക്കാർ വിഷുവിനായി സ്റ്റോക്ക് ചെയ്തിരുന്ന പടക്കങ്ങൾ പകുതിയോളം വിറ്റഴിയാതെ പോയി. ഇത് മൊത്തക്കച്ചവടക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
നിയമം നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം ഉത്സവങ്ങളുടെ നിറം മങ്ങാതിരിക്കാൻ കൂടി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമായിരുന്നുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.