പോലീസ് സ്റ്റേഷനില്‍നിന്നു കടത്തിയ ഇന്നോവ പിന്തുടര്ന്ന് പിടികൂടി
1416892
Wednesday, April 17, 2024 4:17 AM IST
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ഇന്നോവ കാര്‍ സ്പെയര്‍ കീ ഉപയോഗിച്ച് ഓടിച്ചു പോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടര്ന്ന് അങ്കമാലി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടില്‍ സിറാജുദ്ദീനെ(43) പോലീസ് അറസ്റ്റ് ചെയ്തു. 15ന് രാത്രി പത്തോടെയാണ് വാഹനവുമായി ഇയാള്‍ സ്റ്റേഷന് വളപ്പില്‍നിന്നു പുറത്തു കടന്നത്.
കേസ് തീര്‍ന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ അവിടെക്കണ്ട പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. പോലീസ് പിന്തുടര്ന്നു. പുതുക്കാട്ട് ഹൈവേയില്‍ നിന്ന് ഇട റോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പോലീസിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
13നാണ് എം.സി റോഡില്‍ തമിഴ്നാട് സ്വദേശികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാര്‍ വില്‍ക്കാനുണ്ടെന്ന പരസ്യം ഒണ്‍ലൈനില്‍ കണ്ട് തമിഴ്നാട് സ്വദേശികള്‍ കേരളത്തില്‍ വരികയും രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു.
ബാക്കി തുക കൊടുക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു. ഈ വാഹനം തമിഴ്നാട്ടില്‍ നിന്നു മോഷണം പോയി. അടുത്ത കാലത്ത് ഇന്നോവ വില്‍പ്പനയ്ക്കെന്ന പരസ്യം ഒണ്‍ലൈനില്‍ക്കണ്ട് തമിഴ്നാട് സ്വദേശികള്‍ വീണ്ടും ബന്ധപ്പെട്ടു. എംസി റോഡില്‍ വാഹനവുമായി സംഘം എത്തി. അതു നേരത്തെ സ്വിഫ്റ്റ് കാര്‍ കൊടുത്ത ടീം തന്നെയായിരുന്നു. അതറിഞ്ഞു തന്നെയാണ് ഇവരെ സമീപിച്ചതെന്ന് തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ പോലീസിനോട് പറഞ്ഞു.
ഒച്ചപ്പാടും ബഹളവും കണ്ട് എത്തിയ പോലീസ് വാഹനത്തോടൊപ്പം ആളുകളേയും സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. വളപ്പില്‍ സൂക്ഷിച്ച ഇന്നോവയാണ് പിന്നീട് സംഘാംഗം ഓടിച്ചു കൊണ്ടുപോയത്. ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍, എസ്ഐ എന്‍.എസ്. റോയി, സിപിഒ അജിതാ തിലകന് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.