മാസപ്പടി കേസ്: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍
1416889
Wednesday, April 17, 2024 4:17 AM IST
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ 24 മണിക്കൂര്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിങ്കളാഴ്ച രാവിലെ 11നാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്കുമാര്‍, സീനിയര്‍ മനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവര്‍ ഹാജരായത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ഇവരെ വിട്ടയച്ചത്.
രാത്രി മുഴുവനും ചോദ്യം ചെയ്ത ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്തു. വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്ത ഇന്നലെയും ഹാജരായില്ല.
ചീഫ് ഫിനാന്‍ഷല്‍ ഓഫീസര്‍ പി. സുരേഷ്കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഇവരുടെ ചോദ്യം ചെയ്യല്‍ രാത്രിയും തുടര്‍ന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയത് സംബന്ധിച്ച വിവരങ്ങളാണ് ഉദ്യോഗസ്ഥരില്‍ നിന്നു ഇഡി ചോദിച്ചറിഞ്ഞത്. ഇതുസംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ കൈമാറിയതായാണ് വിവരം.