കുടിവെള്ള ക്ഷാമം : ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1416655
Tuesday, April 16, 2024 5:40 AM IST
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 20-ാം വാർഡിലെ മാളേകാട് ഭാഗത്ത് കുടിവെള്ളം കിട്ടാതായതോടെ വാർഡംഗം ടി.എൻ. നിമിൽ രാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ തൃപ്പൂണിത്തുറ ജല അഥോറിറ്റി ഓഫീസിനു മുന്നിൽ ഉപരോധം നടത്തി. ജീവനക്കാരെ ഓഫീസ് വളപ്പിൽ കയറ്റാതെ തടഞ്ഞുവച്ച് നടത്തിയ ധർണ ഉച്ചവരെ നീണ്ടു.
കെ.ബാബു എംഎൽഎ സ്ഥലത്തെത്തി ജല അഥോറിറ്റി എഇയുമായി നടത്തിയ ചർച്ചയെതുടർന്ന് കക്കാടുനിന്നും ഇന്ന് പമ്പു ചെയ്യുന്ന വെള്ളം മാളേക്കാട് ഭാഗത്തേക്ക് മാത്രം തിരിച്ചുവിടാൻ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. സമരത്തിനിടയ്ക്ക് വോട്ടഭ്യർഥനയുമായി വന്ന എൻഡിഎ സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണനും കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ഉദയംപേരൂർ പഞ്ചായത്തിലേക്ക് പമ്പു ചെയ്യുന്ന കുടിവെള്ളം പൂത്തോട്ട, തെക്കൻ പറവൂർ, നടക്കാവ് ഐഒസി, മാളേകാട് എന്നീ മേഖലകളിൽ നാല് ദിവസത്തിലൊരിക്കലാണ് ലഭിക്കുന്നത്.
തീരദേശമായ മാളേകാട് നാലു ദിവസം ഇടവിട്ട് വരുന്ന കുടിവെള്ളം കഴിഞ്ഞ മൂന്ന് തവണയായി വരാതായതോടെ 12 ദിവസമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു.