ബാറിൽനിന്ന് മൊബൈൽ തട്ടിയെടുത്ത പ്രതി പിടിയിൽ
1416302
Sunday, April 14, 2024 4:41 AM IST
ആലുവ: മൊബൈൽ ഫോൺ കവർച്ച നടന്ന കേസിലെ സ്ഥിരം കുറ്റവാളി 10 മാസങ്ങൾക്ക് ശേഷം കോട്ടയത്ത് അറസ്റ്റിലായി. ആലപ്പുഴ കരുവേറ്റുംകുഴി ഭാഗത്തുനിന്നും ഇപ്പോൾ തൃശൂർ മതിലകം കെട്ടിച്ചിറ ഭാഗത്ത് താമസിക്കുന്ന കോഴിശേരി വീട്ടിൽ വിഷ്ണു (36) വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ആലുവ ബാങ്ക് ജംഗ്ഷൻ ഭാഗത്തുള്ള ബാറിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ ദേഹോപദ്രവം ചെയ്ത് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലെ പ്രതിയാണ്. യുവാവിന്റെ ബന്ധുവിന്റെ പോക്കറ്റിൽനിന്നും പണവും ഇയാൾ തട്ടിയെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ വിഷ്ണു ഒളിവിൽ പോകുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘം കോട്ടയത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വിഷ്ണുവിനെതിരെ ആലുവ ഈസ്റ്റ്, കളമശേരി, എടത്തല, തൃശൂർ ജില്ലയിലെ കാട്ടൂർ, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐ എസ്.എസ്. ശ്രീലാൽ, മാഹിൻഷാ അബുബക്കർ, കെ.എം. മനോജ്, കെ.എ.നൗഫൽ, മുഹമ്മദ് അമീർ എന്നിവരാണ് ഉണ്ടായിരുന്നത്.