ബാങ്ക് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചു : 20 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായി
1416301
Sunday, April 14, 2024 4:41 AM IST
കാക്കനാട്: ബാങ്കിൽ കയറി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചശേഷം മുങ്ങിയ പ്രതിയെ 20 വർഷങ്ങൾക്ക് ശേഷം തൃക്കാക്കര പോലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശി അനീഷ് (കണ്ണൻ-49) ആണ് പോലീസിന്റെ പിടിയിലായത്.
കാക്കനാട് കുന്നുംപുറത്ത് പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്കിന്റെ ബ്രാഞ്ചിൽ 2003ൽ ആയുധങ്ങളുമായി അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാഷ് കൗണ്ടറിലെ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് അനീഷിനെ 10 വർഷത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു. അനീഷിന്റെ അപ്പീൽ ഹൈക്കോടതി നിരസിച്ചിട്ടും കോടതി മുമ്പാകെ കീഴടങ്ങാതെ മുങ്ങി നടക്കുകയായിരുന്നു.
തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ എഎസ്ഐ ഫ്രാൻസീസ് , എസ്സിപിഒമാരായ ഗിരീഷ്, ആണ്ടവൻ, സിപിഒ സുജിത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.