ബണ്ട് റോഡ് പാലം പുനര്‍നിര്‍മാണം; 17 മുതല്‍ ഗതാഗത നിയന്ത്രണം
1416271
Sunday, April 14, 2024 4:25 AM IST
കൊച്ചി: ചിലവന്നൂര്‍ ബണ്ട് റോഡ് പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൈലുകളുടെ ലോഡ് ടെസ്റ്റിംഗ് നടപടികള്‍ ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 17 മുതല്‍ രണ്ടാഴ്ച്ച കാലയളവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ സര്‍വീസുകള്‍ക്കും മാത്രമാണ് പാലത്തിലൂടെ പ്രവേശനം അനുവദിക്കുക.
ചിലവന്നൂര്‍ ഭാഗത്തുനിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചിലവന്നൂര്‍ റോഡ് വഴി സഹോദരന് അയ്യപ്പന് റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങള്‍ കെ.പി. വള്ളോന്‍ റോഡ് വഴി ചിലവന്നൂര്‍ ഭാഗത്തേക്ക് പോകണമെന്നാണ് നിര്‍ദേശം.
തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ജനതാ റോഡ് അല്ലെങ്കില്‍ ബൈപ്പാസ് വഴി സഹോദരന് അയ്യപ്പന് റോഡിലേക്കും ചിലവന്നൂര്‍ ഭാഗത്തേക്കും പോകണ്ടതാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍. പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാനും കായല്‍ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തില്‍ നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും പാലത്തിന്റെ നിര്‍മാണം. ചിലവന്നൂര്‍ കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാത മുഖ്യ ആകര്‍ഷണമാകും.
തണല്‍ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും ഇവിടെ ഉണ്ടാകും. പുതിയ പാലം വരുന്നതോടെ കുമ്പളം, തേവര ഭാഗങ്ങളില്‍നിന്ന് വരുന്ന വാട്ടര്‍ മെട്രോ സര്‍വീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ബണ്ട് റോഡ് മുതല്‍ എളംകുളം മെട്രോ സ്റ്റേഷന് വരെയുള്ള പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി ജില്ലാ ഭരണകൂടം നിര്‍ണയിച്ച് തരുന്നമുറയ്ക്ക് കെഎംആര്‍എല്‍ ഈ മേഖലയിലെ ഡിപിആര്‍ പൂര്‍ത്തീകരിക്കും.
ജലഗതാഗത രംഗത്തെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ക്കണ്ടുള്ള വികസനമാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. തണ്ണീര്‍മുക്കം ബണ്ട് മുതല്‍ മരട് വഴി എളംകുളം ഭാഗത്തേക്ക് ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യമൊരുങ്ങും.
പെഡല്‍ ബോട്ടിംഗ്, കയാകിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്പോര്‍സ് സാധ്യതകളും ഈ മേഖലയില്‍ ഒരുങ്ങും. ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന്റെ പുനര്‍നിര്‍മാണം 2025 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.