പഴയ ആലുവ-മൂന്നാര്‍ റോഡ് : "രാജപാത' തുറക്കണമെന്ന ആവശ്യം ശക്തം
1416160
Saturday, April 13, 2024 4:20 AM IST
കൊച്ചി: വിസ്മൃതിയിലായ പഴയ ആലുവ-മൂന്നാര്‍ റോഡ്(രാജപാത) തുറക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച റോഡ് പുനഃസ്ഥാപിച്ചാല്‍ കോതമംഗലം- മൂന്നാര്‍ പാതയുടെ സമാന്തര പാതയാകും.
എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂട്ടിക്കാടി വനം, പൊതുമരാമത്ത് വകുപ്പുകള്‍ ഇതിനു തടസം നില്‍ക്കുന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. പലകുറി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ പ്രദേശവാസികള്‍ ഒടുവില്‍ മുഖ്യമന്ത്രി പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇതുവഴിയുളള ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. എഡി 1878 ല്‍ നിര്‍മിച്ചതാണ് രാജപാത. കുത്തനേയുള്ള കയറ്റങ്ങളും, വളവുകളുമില്ലായെന്ന പ്രത്യേകതഈ പാതയ്ക്കുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തില്‍ കരിംതിരി മലയിടിഞ്ഞ് ഭാഗികമായി തകര്‍ന്നതോടെ രാജപാത അടച്ചു. പിന്നീട് പാതയുടെ 30 ശതമാനം വനംവകുപ്പിന്റെ കീഴിലായി. തുടര്‍ന്ന് ഇതിലൂടെ സഞ്ചാരം എന്നേക്കുമായി തടഞ്ഞു. ഇപ്പോള്‍ ഈ റോഡിലൂടെയുള്ള യാത്ര പൂയംകുട്ടി വരെമാത്രം.
പൊതുമരാമത്ത് വകുപ്പിന്റെ കൈവശമിരുന്ന റോഡ് വര്‍ഷങ്ങള്‍ക്കുമുമ്പ് വനം വകുപ്പ് കൈവശപ്പെടുത്തി അടച്ചുകെട്ടി. ഇതോടെ ഇതുവഴിയുള്ള യാത്ര അവസാനിച്ചു. നിലവില്‍ ഇതുവഴി കാല്‍നട യാത്രപോലും സാധ്യമല്ല. പാത തുറക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം വനംവകുപ്പിനെ ചൊടിപ്പിച്ചതോടെ ഇതുവഴി കാല്‍നട യാത്ര ചെയ്താലും കേസെടുക്കുന്ന സ്ഥിതിയാണെന്ന് റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഷാജി പയ്യാനിക്കല്‍ പറഞ്ഞു.
പാത പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്നതു സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ വകുപ്പ് തണുപ്പന്‍ പ്രതികരണങ്ങളാണ് നടത്തുന്നത്. എന്നാല്‍ പാത പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്ന് റോഡ് ആക്ഷന്‍ കൗണ്‍സില്‍ കണ്ടെത്തി. ഇത് അറിയിച്ചിട്ടും നിഷേധാത്മക നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. പാത തുറക്കണമെന്ന ആവശ്യത്തിന് ആദ്യഘട്ടത്തില്‍ ജനപ്രതിനിധികളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും തുടര്‍ന്ന് ഈ സഹകരണം ഉണ്ടായില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
പാത തുറന്ന് നല്‍കുന്നതിന് ആയിരക്കണക്കിന് മരം മുറിക്കണമെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാല്‍ ഒരുമരം പോലും മുറിക്കേണ്ടതില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനും, ആദിവാസി മേഖലയിലെ യാത്രാ ദുരിതങ്ങള്‍ക്കും പരിഹാരവുമാകുമെന്ന് ഇവര്‍ പറയുന്നത്.
ക്യാമ്പ് ഷെഡുകള്‍ കൈയേറി
പാതയിലെ പൊതുമരാമത്ത് വകുപ്പിന്റെ ക്യാമ്പ് ഷെഡുകളും അനുബന്ധ സ്ഥലങ്ങളും വനം വകുപ്പ് കൈയേറിയതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ക്യാമ്പ് ഷെഡുകള്‍ ഉണ്ടായിരുന്നിടത്ത് വനം വകുപ്പ് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മിച്ചതാണ്.
1935 ല്‍ രാജപാതയോടനുബന്ധിച്ചുണ്ടായിരുന്ന തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട് വഴി അമ്പതാം മൈല്‍ വരെ പിഡബ്ല്യുഡി ക്യാമ്പ് ഷെഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളുടേയും സ്ഥലങ്ങളുടേയും സംരക്ഷണം റവന്യൂ വകുപ്പിനു കൈമാറിയിരുന്നു. പില്ക്കാലത്ത് ഈ സ്ഥലങ്ങള്‍ വനംവകുപ്പ് കൈയേറിയെന്നാണ് ആരോപണം.