വിഷുക്കാഴ്ചകളുമായി ഹൈബിക്ക് സ്വീകരണം
1416151
Saturday, April 13, 2024 4:08 AM IST
കൊച്ചി: പഴക്കുലകളും മാമ്പഴക്കുലകളും നല്‍കിയാണ് എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെ വോട്ടര്‍മാര്‍ സ്വീകരിച്ചത്. ഇന്നലെ രാവിലെ ഏഴിന് കതൃക്കടവ് ജംഗ്ഷനില്‍ നിന്നാണ് ഹൈബി ഈഡന്റെ വാഹന പര്യടനം ആരംഭിച്ചത്. കടവന്ത്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് പാലാത്തുരുത്തി ജംഗ്ഷന്, കുടുംബികോളനി ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം വന്‍ ജനാവലിയാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. വിഷുക്കാഴ്ചകളുമായി കുട്ടികളടക്കം സ്ഥാനാര്‍ഥിയെ വരവേറ്റു. തുടര്‍ന്ന് വൈറ്റില മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഇരുപതോളം കേന്ദ്രങ്ങളില്‍ ഹൈബി ഈഡന് സ്വീകരണം നല്കി.
ഉച്ച വരെയുള്ള പ്രചാരണം പാരഡൈസ് റോഡില്‍ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികള്‍ കടുപ്പത്ത് നിന്നാരംഭിച്ചു. തുടര്‍ന്ന് തമ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. രാത്രിയില്‍ കറുകപ്പള്ളില്‍ സമാപിച്ചു.