കടുവേലി പാടത്ത് ലഹരി മാഫിയകൾ
1415950
Friday, April 12, 2024 4:47 AM IST
മൂവാറ്റുപുഴ: കടുവേലി പാടത്ത് ലഹരി മാഫിയയുടെ വിളയാട്ടം. ഈസ്റ്റ് മാറാടി പള്ളിത്താഴത്തിനും കുരുക്കുന്നപുരം പള്ളിക്കും ഇടയിലുള്ള ഒന്നേകാൽ കിലോമീറ്റർ നീളം വരുന്ന പാടശേഖരത്തിന് നടുവിലൂടെയുള്ള ഫാം റോഡിലാണ് രാത്രികാലങ്ങളിൽ ലഹരി മാഫിയ അഴിഞ്ഞാടുന്നത്.
രാത്രികാലങ്ങളിൽ ദൂരദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമെത്തി ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനും ശേഷം ഇരുഭാഗങ്ങളായി തിരിഞ്ഞ് സംഘർഷങ്ങൾ ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പോലീസ് എത്തുന്ന സമയത്ത് മറുഭാഗത്തേക്ക് രക്ഷപ്പെടുന്നത് മൂലം ഇവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപയോഗത്തിനുശേഷം മദ്യക്കുപ്പികളും ബിയർ കുപ്പികളും പാടശേഖരങ്ങളിൽ പൊട്ടിച്ചിടുന്നത് മൂലം കർഷകരായ ആളുകൾക്ക് പാടത്ത് കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിരവധി ആളുകൾ രാവിലെയും വൈകുന്നേരവും നടക്കാൻ ഇറങ്ങുന്ന ഫാം റോഡ് സ്ത്രീകളുടെയും കുട്ടികളുടെയും ഇഷ്ട വിനോദ കേന്ദ്രം കൂടിയാണ്. അപകടങ്ങൾ വർധിച്ചതിനെതുടർന്ന് മാറാടി പഞ്ചായത്തംഗം ജിഷ ജിജോയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ സ്ത്രീകൾ സംഘടിച്ച് റോഡിൽ തകർത്തെറിഞ്ഞ കുപ്പി ചില്ലുകൾ നീക്കം ചെയ്ത് റോഡ് വൃത്തിയാക്കുകയും ചെയ്തു.
ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ജിഷ ജിജോ ആവശ്യപ്പെട്ടു. മിനി റെജി, ജിഷ ബിജു, മിനി യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡിലെ കുപ്പിച്ചില്ലുകൾ നീക്കം ചെയ്തത്.