അപകടങ്ങൾ ഒഴിയാതെ കൂത്താട്ടുകുളം നഗരം
1415949
Friday, April 12, 2024 4:47 AM IST
കൂത്താട്ടുകുളം: നഗരത്തിൽ അപകടങ്ങൾ പതിവാകുന്നു. ദിവസവും ഒരു അപകടം എന്ന നിലയിലാണ് നടക്കുന്നത്. തിരക്കേറിയ റോഡിലെ അപകടങ്ങളുടെ കാരണം തേടി പോലീസ് വട്ടം ചുറ്റുകയാണ്. ദൃക്സാക്ഷി വിവരണത്തിന്റെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പല അപകടങ്ങളുടെയും കാരണങ്ങൾ കണ്ടെത്തുന്നത്.
നഗരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ കീഴിലാണ് അപകടങ്ങൾ പലതും നടക്കുന്നത്. കാമറകൾ പ്രവർത്തിക്കാതായതോടെ അപകട ദൃശ്യങ്ങൾ കണ്ടെത്തുവാനായി പോലീസ് ടൗണിലെ സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്.
ഇന്നലെ രാവിലെ ജൂവൽ ജംഗ്ഷന് സമീപം വയോധികയെ ബൈക്ക് ഇടിച്ച സംഭവമാണ് അവസാനത്തേത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന തിരുമാറാടി പരിയപ്പനാൽ മേരി അഗസ്റ്റിനെ (62) കിഴക്കോന്പ് സ്വദേശി പൂനിലം സാബു (56) ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വയോധികയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ചെറുവാഹനങ്ങളിൽ കയറ്റാൻ കഴിയാതെ വയോധിക ഏറെനേരം റോഡിൽ കിടന്നശേഷമാണ് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കൃത്യസമയത്ത് തന്നെ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും അപകടത്തെതുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുകയും ചെയ്തു.
എന്നാൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പലതിലും അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇനി അപകടത്തിൽ പരിക്കേറ്റവരുടെ മൊഴിയനുസരിച്ച് വേണം അപകടകാരണത്തിലേക്ക് എത്തുവാൻ.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി എട്ട് കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഏതാണ്ട് നാല് മാസത്തിലധികമായി ഈ കാമറകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല. സെൻട്രൽ കവലയിലെ മീഡിയനുകളിലായി എഎൻപിആർ കാമറയോടൊപ്പം ആറ് കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകൾക്ക് പുറമെ മർച്ചന്റ്സ് അസോസിയേഷൻ രണ്ട് കാമറകൾ കൂടി സ്പോണ്സർ ചെയ്തിരുന്നു.
സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച കാമറകൾ സ്ഥാപിച്ചപ്പോൾ മറ്റുള്ളവ തകരാറിലായെന്ന്
സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച കാമറകളുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് കാമറ അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്തിരിക്കുന്ന പിറവം മോണിട്രോണിക്സ് പറയുന്നത്.
മൂന്നു വർഷത്തെ കരാറിൽ തുടരുന്ന സ്ഥാപനത്തിന്റെ അനുമതി ഇല്ലാതെ മറ്റൊരു സ്ഥാപനത്തിലെ ടെക്നീഷ്യന്മാർ എത്തി പുതിയ കാമറ സ്ഥാപിക്കുകയായിരുന്നു. ഇതേതുടർന്ന് സിസിടിവി നെറ്റ്വർക്കിലെ മീഡിയ കണ്‍വേർട്ടർ എന്ന ഉപകരണം കേടുവരികയായിരുന്നുവെന്ന് കരാറുകാരൻ പറഞ്ഞു.
കൂടാതെ കേടുവന്ന ഉപകരണം പുനസ്ഥാപിക്കാനായുള്ള പണം കരാറുകാരന്റെ സെക്യൂരിറ്റി തുകയിൽനിന്ന് കണ്ടെത്തി. എന്നാൽ ഈ വിവരങ്ങൾ ഒന്നും അധികാരപ്പെട്ടവർ കരാറുകാരനെ അറിയിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
കരാറുകാരൻ സ്ഥാപിച്ചിരുന്ന അഞ്ചുവർഷം വാറണ്ടിയുള്ള മീഡിയ കണ്‍വേർട്ടറും നിലവിൽ കണ്ട്രോൾ റൂമിൽ ഇല്ല. പകരം മറ്റേതോ കന്പനിയുടെ ഉപകരണമാണ് നിലവിലുള്ളത്. നാലു മാസങ്ങൾക്കു മുന്‍പ് കരാറുകാരൻ നടത്തിയ പരിശോധനയിൽ മീഡിയ കണ്‍വർട്ടറും അനുബന്ധ ഉപകരണങ്ങളും മാറ്റിവച്ചാൽ സിസിടിവി കാമറകൾ പൂർവസ്ഥിതിയിലാകുമെന്നാണ് കരാറുകാരൻ പറയുന്നത്.
ഇതിന് ഏകദേശം 3000 രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പിടിച്ചുവച്ചിരിക്കുന്ന സെക്യൂരിറ്റി തുക തിരിച്ചു നൽകുകയും കേടുവന്ന ഉപകരണങ്ങൾ നന്നാക്കുവാനുള്ള പണം നൽകുകയും ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ സിസിടിവി നന്നാക്കി നൽകാമെന്നാണ് കരാറുകാരൻ പറയുന്നത്. അതേസമയം ഉടൻ തന്നെ സിസിടിവി കാമറകൾ നന്നാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി നഗരസഭാധ്യക്ഷ വിജയ ശിവൻ പറഞ്ഞു.