വോട്ടിംഗ് മെഷീൻ വിതരണം പൂര്‍ത്തിയായി
1415932
Friday, April 12, 2024 4:20 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് തുടങ്ങിയ പോളിംഗ് സാമഗ്രികളാണ് വിതരണം ചെയ്തത്. 14 നിയോജക മണ്ഡലങ്ങളിലായി 2748 വീതം ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും 2953 വിവിപാറ്റുമാണ് വിതരണം ചെയ്തത്.
അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എആര്‍ഒ) സാമഗ്രികള്‍ കൈമാറിയത്. ആദ്യദിനത്തില്‍ പെരുമ്പാവൂര്‍, കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെയും അവസാന ദിനത്തില്‍ കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എആര്‍ഒ മാര്‍ക്കുമാണ് വിതരണം ചെയ്തത്.
ഒന്നാംഘട്ട റാന്‍ഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് കൈമാറിയത്.
ഇവ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും. ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഓരോ നിയോജകമണ്ഡലത്തിലെയും സ്ട്രോംഗ് റൂമിലെത്തിക്കുന്നത്.
വരും ദിവസങ്ങളില്‍ നടക്കുന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെയാകും വോട്ടിംഗ് മെഷീന് ഏത് പോളിംഗ് ബൂത്തിലേക്ക് എന്ന് നിശ്ചയിക്കുന്നത്.
പെരുമാറ്റച്ചട്ട ലംഘനം: ജില്ലയില്‍ 12,729 പരാതികള്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സിവിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 12,729 പരാതികള്‍. ഇതില്‍ 12583 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു. 125 എണ്ണം കഴമ്പില്ലാത്തതിനാല്‍ ഉപേക്ഷിച്ചു.
21 പരാതികളില്‍ നടപടി പുരോഗമിക്കുകയാണ്. പരാതികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്ട്രോള് റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.