തിരക്കേറിയ റോഡിൽ തീറ്റ തേടി കാട്ടാന
1415732
Thursday, April 11, 2024 4:50 AM IST
കോതമംഗലം: തിരക്കേറിയ റോഡിന്റെ ഓരത്ത് തീറ്റ തേടിയെത്തി കാട്ടാന. നേര്യമംഗലം-അടിമാലി റോഡിൽ അഞ്ചാംമൈലിലാണ് റോഡരികിൽ കാട്ടാന തീറ്റ തേടിയെത്തിയത്. നേര്യമംഗലം-അടിമാലി റോഡിന്റെ ഇരുവശത്തുമുള്ള വനത്തിൽ കാട്ടാനകളുടെ എണ്ണം അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. ആനകൾ റോഡിലിറങ്ങുന്നതും കുറുകെ കടക്കുന്നതും പതിവുമാണ്.
ഇപ്പോൾ പകൽ സമയത്തും ആനകൾ റോഡിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. ഇന്നലെ വൈകിട്ടാണ് അഞ്ചാംമൈൽ ഭാഗത്ത് ആന റോഡിലെത്തിയത്. ഒരു ആന മാത്രമേ ഉണ്ടായിരുന്നുള്ളൂ. വനത്തിലെന്നപോലെ റോഡരികിൽ പുല്ല് തിന്നുകയായിരുന്ന ആന കൗതുക കാഴ്ചയായി. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോയതൊന്നും ആനയ്ക്ക് പ്രശ്നമായില്ല.
വാഹനങ്ങളേയോ മനുഷ്യരേയോ ആക്രമിക്കാനും ശ്രമമുണ്ടായില്ല. റോഡിലും പരിസരത്തും ആനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും.