313 മേരി മഗ്ദലീനമാർ അണിനിരന്നു: മരട് മൂത്തേടം പള്ളി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റിക്കാർഡ്സിൽ
1415721
Thursday, April 11, 2024 4:32 AM IST
മരട്: മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലീൻ ദേവാലയത്തിൽ 191-ാമത് തിരുനാളിനോടനുബന്ധിച്ച് 313 മേരി മഗ്ദലീനമാർ ദേവാലയ കവാടത്തിൽ അണിനിരന്നത് അപൂർവ കാഴ്ചയായി. തിരുനാൾ കൊടിയേറ്റ് ദിനമായ ഇന്നലെ വൈകിട്ടാണ് 313 വനിതകൾ വി.മേരി മഗ്ദലീന്റെ വേഷവിധാനങ്ങളോടെ ദേവാലയത്തിൽ അണിനിരന്നത്.
പച്ചനിറത്തിലുള്ള വസ്ത്രത്തിന് മുകളിലായി ചുവന്ന നിറത്തിലുള്ള മേൽവസ്ത്രം ധരിച്ച് കിരീടം ചൂടി, വിശുദ്ധ കൈകളിലേന്തിയിട്ടുള്ള സുവിശേഷ ഗ്രന്ഥവും വെള്ള തൂവാലയും സുഗന്ധദ്രവ്യ ചഷകവുമായി അതേ വേഷവിധാനങ്ങളോടെയാണ് മേരി മഗ്ദലീനമാർ അണിനിരന്നത്.
വൈകിട്ട് അഞ്ചിന് 313 മേരി മഗ്ദലീനമാർ ദേവാലയ കവാടത്തിൽ നിന്നുകൊണ്ട് ഉയിർത്തെഴുന്നേറ്റ കർത്താവിനെ ഞാൻ കണ്ടു എന്ന് പ്രഘോഷിച്ചതോടെ മൂത്തേടം ദേവാലയത്തിലെ മേരി മഗ്ദലീനമാർ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റിക്കാർഡ്സിലും ഇടം പിടിച്ചു.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കെ. ബാബു എംഎല്‍എ, മരട് നഗരസഭാ ചെയര്മാന് ആന്റണി ആശാൻപറമ്പില്‍, ഇടവക വികാരി ഫാ. ഷൈജു തോപ്പില്‍, അസി. വികാരി ഫാ.റിനോയ്, സേവ്യര്‍ കളപ്പുരയ്ക്കല്‍, സിസ്റ്റര്‍ ജെസീന്ത,
കേന്ദ്രസമിതി അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബുക്ക് ഓഫ് ഇന്ത്യ റിക്കാര്‍ഡ്സ് പ്രതിനിധി ടോണി ചിറ്റേട്ടുകുളമാണ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിശുദ്ധ മേരി മഗ്ദലീന്റെ മധ്യസ്ഥതയിലുള്ള കേരളത്തിലെ ആദ്യദേവാലയമായ മൂത്തേടം പള്ളിയിൽ തിരുനാളിന് നേതൃത്വം നൽകുന്ന 253 വനിതകളുൾപ്പെടെയുള്ളവർ ചേർന്നാണ് അപൂർവ കാഴ്ചയൊരുക്കിയത്. കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല തിരുനാളിന് കൊടിയേറ്റി. 14നാണ് പ്രധാന തിരുനാൾ.