പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തണ്ണിമത്തൻ കൃഷി വൻ വിജയം
1415719
Thursday, April 11, 2024 4:32 AM IST
പല്ലാരിമംഗലം: ഉഷ്ണകാലം മുന്നിൽക്കണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തണ്ണിമത്തൻ കൃഷി വൻ വിജയം. പല്ലാരിമംഗലം മടിയൂർ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ.
വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ആദ്യമായാണ് തണ്ണി മത്തൻ കൃഷിയിലേക്ക് തിരിഞ്ഞത്. തേനീച്ച, മത്സ്യം, വിവിധ ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വൻ തോതിൽ കൃഷി ചെയ്ത് മികവ് തെളിയിച്ച ആളാണ് മുഹമ്മദ്.
ചൂടുകാലം മുന്നിൽക്കണ്ട് പരീക്ഷണാടിസ്ഥാനത്തിൽ മൃദുല, കിരണ്‍ എന്നീ ഇനങ്ങളാണ് മുഹമ്മദ് വിളയിച്ചെടുത്തത്. കാർഷിക മേഖലയ്ക്ക് പ്രചോദനമായ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മാതൃകയാക്കണമെന്ന് ആദ്യ വിളവെടുപ്പ് നടത്തിയ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ പറഞ്ഞു.
തന്റെ ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളാണ് മുഹമ്മദ് കൃഷി പരിപാലനത്തിനായി മാറ്റിവയ്ക്കുന്നത്. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൃഷി വിജയകരമായതിനാൽ വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കൃഷിയുടമ മുഹമ്മദ് പറഞ്ഞു.