നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിൽ അന്വേഷണം; മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ഉപഹര്‍ജി
1415529
Wednesday, April 10, 2024 4:27 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിന്റെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് നടി ഉപഹര്‍ജി നല്കി. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയില്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയാണ് അന്വേഷണം നടത്തിയത്.
ഇതിന്റെ റിപ്പോര്‍ട്ട് കോടതി ഉത്തരവിലൂടെ തനിക്ക് കൈമാറിയെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നുവെന്നും ഈ സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ് കൂടി അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി. ആവശ്യം നേരത്തെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശമില്ലാതെ രഹസ്യമായും തന്നെ പങ്കെടുപ്പിക്കാതെയുമാണ് അന്വേഷണം നടത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിട്ടുമില്ല. അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്.
അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഹൈക്കോടതിയുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ കൈമറാനാകില്ലെന്നും വ്യക്തമാക്കിയാണ് ആവശ്യം സെഷന്‍സ് കോടതി തള്ളിയത്.
മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ പ്രതിയായ ദിലീപിനെ കക്ഷി ചേര്‍ത്ത നടപടി പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.