സർക്കാരുകളുടെ കൊച്ചിയോടുള്ള അവഗണന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: വി.ഡി. സതീശൻ
1396975
Sunday, March 3, 2024 3:59 AM IST
കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ എറണാകുളം ജില്ലയോട് കാണിച്ച വികസന വിരുദ്ധമായ അവഗണന പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ, യുഡിഎഫ് സർക്കാരുകൾ നടപ്പാക്കിയതിൽ കവിഞ്ഞ് അനുദിനം വികസിക്കുന്ന എറണാകുളം നഗരത്തിന് വൻകിട പദ്ധതികളൊന്നും ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംഭാവന ചെയ്തിട്ടില്ല.
ജില്ലയിലെ മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന വലിയ ദുരന്തങ്ങളാണ് സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചർച്ച സദസിൽ ഓരോരുത്തരും അവതരിപ്പിച്ചത്. ഈ വിഷയത്തിൽ എല്ലാം കൃത്യമായ കാഴ്ചപ്പാടോടുകൂടിയുള്ള സമഗ്രമായ ഇടപെടൽ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ തുടങ്ങിയവർ പ്രസംഗിച്ചു.