കനത്ത ചൂട്; പനി വ്യാപകം
1396971
Sunday, March 3, 2024 3:53 AM IST
കൊച്ചി: വേനല്‍ ശക്തമാകുന്നതിനിടെ ജില്ലയില്‍ പനിയും അനുബന്ധ രോഗങ്ങളും വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 478 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിത്. ഇതില്‍ 14 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടു പേര്‍ക്ക് ചിക്കന്‍പോക്സും. ഇതിനു പുറമേ ജില്ലയില്‍ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കളമശേരി മേഖലയിലാണ് ജില്ലയില്‍ ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 31 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മൂന്നു പേര്‍ക്ക് എലിപ്പനിയും, 47 പേര്‍ക്ക് ചിക്കന്‍പോക്സ് രോഗവും റിപ്പോര്‍ട്ടു ചെയ്തു. കളമശേരിക്ക് പുറമേ എടത്തല, ചൂര്‍ണിക്കര, തമ്മനം, ഏഴിക്കര, തിരുവാണിയൂര്‍, വരാപ്പുഴ, ഗോതുരുത്ത്, പുതുവൈപ്പ്, വാഴക്കുളം എന്നീ പ്രദേശങ്ങളിലാണ് പനി വ്യാപകമായിട്ടുള്ളത്.
അതേസമയം ജില്ലയിലെ ആരോഗ്യ വിഭാഗം പുറത്തിറക്കിയിരുന്ന പനി ബാധിതരുടെ വിവരങ്ങള്‍ ഇന്നലെയും പ്രസിദ്ധീകരിച്ചില്ല.