അമേയയുടെ ‘കത്തിന്റെ വില' രണ്ടു കോടി !!
1396959
Sunday, March 3, 2024 3:38 AM IST
ആലുവ: എനിക്കും കുട്ടുകാർക്കും പഠിക്കാനും കളി പറയാനുമായി നല്ലൊരു സ്കൂൾ കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയും മന്ത്രിയുമായ പി. രാജീവിന് കത്തെഴുതിയ അമേയയ്ക്ക് മറുപടിയായി കിട്ടുന്നത് രണ്ട് കോടിയുടെ സ്കൂൾ കെട്ടിടം. കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അമേയുടെ ആവശ്യത്തിന് മന്ത്രി തന്നെ നാളെ രാവിലെ 9.30ന് തറക്കല്ലിടും.
സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാൽ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്ന വിഷമമാണ് കത്തിൽ അമേയ പ്രകടിപ്പിച്ചത്. പുതിയ കെട്ടിടം ലഭിച്ച വിവരം അത്യധികം സന്തോഷത്തോടെയാണ് അമേയയും കൂട്ടുകാരും സ്വീകരിച്ചത്.
കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ആറ് ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. അതിവേഗത്തിൽ തന്നെ കെട്ടിടം പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു. അമേയയുടെ കത്ത് മന്ത്രി വി. ശിവൻകുട്ടിക്ക് മന്ത്രി പി.രാജീവ് കൈമാറുകയായിരുന്നു.