പെരിയാറിൽ കുരുന്നുകള്‍ നീന്തിക്കയറിയത് 780 മീറ്റര്‍
1396958
Sunday, March 3, 2024 3:38 AM IST
അങ്കമാലി: പെരിയാറിനെ കീറിമുറിച്ച് ഏഴു വയസുകാരായ ഇരട്ട സഹോദരങ്ങളും സഹപാഠിയും നീന്തിക്കയറിയത് 780 മീറ്റർ. പീച്ചാനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ ഭഗത് അനിലും മണികര്‍ണിക അനിലും സാവിയോ സോജനുമാണ് സ്കൂളിന് അഭിമാനമായത്. കുട്ടികള്‍ക്ക് പ്രചോദനമാകാൻ സ്കൂള്‍ യുണിഫോം ധരിച്ചാണ് ഇവർ നീന്തിക്കയറിയത്. എട്ട് അംഗ സംഘമാണ് പെരിയാറിൽ നീന്തിയത്. ഇതിലെ ഏറ്റവും ചെറിയ കുട്ടികളായിരുന്നു ഇവർ മൂവരും.
മറ്റ് അഞ്ച് പേരായ ടിയാര ബി. വര്‍ഗീസ് (8), സാന്‍വിക നിഥിന് (14), സി.പി. ഷമീര്‍ (40), കെ. ഷാനവാസ്(30), അനില്‍ റഹ്മാന് (43) എന്നിവരും കൂടെ നീന്തിക്കയറി. മണപ്പുറം ദേശം കടവിൽനിന്ന് ആരംഭിച്ച നീന്തലിൽ സജ്ജീകരണങ്ങളുമായി വളാശേരി റിവര്‍ സ്വിമ്മിംഗ് ക്ലബ് പ്രവര്‍ത്തകരും പരിശീലകന് സജി വളാശേരിയും ഒപ്പമുണ്ടായിരുന്നു.
സ്കൂൾ പ്രിന്‍സിപ്പൽ ഫാ. അനീഷ് കണ്ണംകുന്നേൽ, അഡ്മിസ്ട്രേറ്റര്‍ ഫാ. ജോസ് ആറ്റുചാൽ, അധ്യാപകർ, ജീവനക്കാർ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, പഞ്ചായത്തംഗം പി.ആർ. രാജേഷ്, കൂടാതെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മാലയിട്ടാണ് മറുകരയിൽ ഇവരെ സ്വീകരിച്ചത്.