എഐ സാങ്കേതിക വിദ്യയിൽ മികവുമായി ആറാം ക്ലാസ് വിദ്യാർഥി
1396294
Thursday, February 29, 2024 4:13 AM IST
വാഴക്കുളം: എഐ അസിസ്റ്റന്റ് സാങ്കേതിക വിദ്യയിൽ മികവുമായി സ്കൂൾ വിദ്യാർഥി. വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർഥിയായ രോഹൻ അലക്സ് ചിറ്റിലപ്പിള്ളിയാണ് എഐ അസിസ്റ്റന്റ് സാങ്കേതികവിദ്യയുമായി ശ്രദ്ധ നേടുന്നത്.
പൈത്തൺ എന്ന കമ്പ്യൂട്ടർ ഭാഷ ഉപയോഗിച്ചാണ് രോഹൻ എഐ അസിസ്റ്റന്റ് വികസിപ്പിച്ചെടുത്തത്. ശബ്ദ സന്ദേശമായി അയയ്ക്കുന്ന ചോദ്യങ്ങൾ എഐ അസിസ്റ്റന്റ് ആദ്യം ടെക്സ്റ്റ് മെസേജായി മാറ്റി ചാറ്റ് ജിപിടിയിലേക്ക് അയയ്ക്കുന്നു. ചാറ്റ് ജിപിടി നൽകുന്ന ഉത്തരം വീണ്ടും ശബ്ദ സന്ദേശവും ടെക്സ്റ്റ് മെസേജുമായി മാറ്റി തിരികെ നൽകുന്നു.
പിതാവ് അലക്സിന്റെ പേരാണ് കണ്ടുപിടിത്തത്തിന് നൽകിയത്. സോഫ്ട് വെയർ എൻജിനീയറായ പിതാവ് കലൂർ ചിറ്റിലപ്പിള്ളി അലക്സ് ഡാനിയലിന്റെ പ്രോത്സാഹനമാണ് രോഹനെ സഹായിച്ചത്.
ദേശീയ ശാസ്ത്ര ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സാങ്കേതിക വിദ്യ രോഹൻ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട് അഭിനന്ദിച്ചു.