ബ്രഹ്മപുരം പ്ലാന്റിലെ റോഡുകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന്
1396102
Wednesday, February 28, 2024 4:29 AM IST
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിന്റെ ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് കൊച്ചി കോര്പറേഷന്. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ പ്ലാന്റില്‍ സന്ദര്‍ശനം നടത്തിയശേഷം നല്കിയ നിര്‍ദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് കോര്പറേഷന് ഉറപ്പ് നല്‍കിയത്.
നേരത്തെ പൂര്‍ത്തിയാക്കിയ റോഡുകളില്‍ ഫയര്‍ എന്ജിന് ഓടിച്ച് പരിശോധിച്ചു. പരിശോധനയ്ക്കുശേഷം റോഡ് ശക്തിപ്പെടുത്താനായി രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ ശക്തിപ്പെടുത്തിയതായും കോര്പറേഷന് അറിയിച്ചു. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകാന്‍ മന്ത്രി നിര്‍ദേശിച്ചു.
75 ലക്ഷം ചെലവില്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ജലസംഭരണികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയുടെ ആക്സസ് പോലീസിന് നല്‍കിയിട്ടുണ്ട്. ഫയര്‍ വാച്ചര്‍മാര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. 50 പേരെയാണ് ഫയര്‍ വാച്ചര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ഒരേസമയം രണ്ട് ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്. കടമ്പ്രയാറിലെ ഡീസില്റ്റിംഗ് 65 ശതമാനം പൂര്‍ത്തിയായതായി ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകും.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.രാജീവ്, മേയര്‍ എം.അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എംഎല്‍എ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ് എന്നിവര്‍ ഓണ്‍ലൈനായും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി കോര്പറേഷന് സെക്രട്ടറി ചെല്‍സാസിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബാസ് തുടങ്ങിയവര്‍ നേരിട്ടും പങ്കെടുത്തു.