കോതമംഗലത്ത് മനുഷ്യാവകാശ പ്രഖ്യാപന റാലി ഇന്ന്
1396089
Wednesday, February 28, 2024 3:55 AM IST
കോതമംഗലം: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ വന്യമൃഗശല്യത്തിനെതിരെ നടത്തുന്ന മനുഷ്യാവകാശ പ്രഖ്യാപന റാലി ഇന്ന് കോതമംഗലത്ത് നടക്കും. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് നാനാജാതി മതസ്ഥരായ ആയിരങ്ങൾ ബഹുജന റാലിയിൽ പങ്കെടുക്കും.
പെരുകുന്ന വന്യമൃഗശല്യത്തിന് പരിഹാരമായി ഇവയുടെ എണ്ണം നിയന്ത്രിക്കുക, നഷ്ടത്തിനാനുപാതികമായ നഷ്ടപരിഹാരം ലഭ്യമാക്കുക, വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് പൂർണ ചികിത്സാ സഹായം സർക്കാർ ചെലവിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളും സന്യസ്ഥരും വൈദീകരുമടക്കമുള്ളവർ പങ്കെടുക്കും.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വികാരി ജനറൽമാരായ മോണ്‍. ഫ്രാൻസിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തിൽ തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്യും.
കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന റാലി കോതമംഗലം ഡിഎഫ്ഒ ഓഫീസിന് സമീപം അവസാനിക്കും.
കാട് വന്യമൃഗങ്ങൾക്കും നാട് മനുഷ്യനും എന്ന ആപ്തവാക്യം ഉയർത്തി നടത്തുന്ന മനുഷ്യാവകാശ റാലിക്ക് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ നടത്തി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.