കണ്ടെയ്നർ റോഡ് നവീകരിക്കാൻ 91 കോടി : ഹൈബി ഈഡൻ
1396083
Wednesday, February 28, 2024 3:55 AM IST
കൊച്ചി : കണ്ടെയ്നർ ടെർമിനൽ റോഡ് ശക്തിപ്പെടുത്താനും നവീകരിക്കാനുമായി 91 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു. കണ്ടെയ്നർ ടെർമിനൽ റോഡ് രൂപം കൊണ്ടതു മുതൽ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായ വെളിച്ചക്കുറവ് ഇതോടെ പരിഹരിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഡൽഹി കേന്ദ്രമായ സിഡിആർ ആൻഡ് കോ എന്ന സ്ഥാപനത്തിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലെറ്റർ ഓഫ് അക്സപ്റ്റൻസ് കൈമാറി. ഏറെ നാളത്തെ പരിശ്രമം ലക്ഷ്യ പ്രാപ്തിയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു.
എംപി ഫണ്ടിൽ നിന്ന് 22 ലക്ഷം ചെലവിൽ ഗോശ്രീ ജംഗ്ഷൻ (മുളവുകാട് പഞ്ചായത്ത് ),മൂലമ്പിള്ളി പിഴല പാലം ജംഗ്ഷൻ (കടമക്കുടി പഞ്ചായത്ത് ), കോതാട് ജംഗ്ഷൻ (ആസ്റ്റർ മെഡിസിറ്റി )(കടമക്കുടി പഞ്ചായത്ത് ), ഓൾഡ് ആനവാതിൽ ജംഗ്ഷൻ (ഏലൂർ മുനിസിപ്പാലിറ്റി ) എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാവശ്യമായ നടപടികൾ നടന്നു വരുന്നു.
കോതാട് മൂലമ്പിള്ളി, മുളവുകാട് മൂലമ്പിള്ളി പാലങ്ങളുടെ സുരക്ഷിതത്വ പദ്ധതി ചെലവുകളും ഇതിൽ പെടുമെന്ന് അദ്ദേഹം പറഞ്ഞു.