ഒറ്റ ക്ലിക്കില്‍ ഇനി ഉച്ചയൂണ്; കുടുംബശ്രീ ലഞ്ച് ബെല്‍ റെഡി
1395874
Tuesday, February 27, 2024 6:24 AM IST
കൊച്ചി: കുടുംബശ്രീ ലഞ്ച് ബെല്ലിലൂടെ ഇനി ഒറ്റ ക്ലിക്കില്‍ ഉച്ചയൂണ് അരികിലെത്തും. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നെറ്റ്വര്‍ക്ക് വഴിയുള്ള പദ്ധതിയിലൂടെ ഉച്ചയൂണ് ലഭിക്കാന്‍ ‘പോക്കറ്റ് മാര്‍ട്ട്' എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി.
കുടുംബശ്രീ ലഞ്ച് ബെല്‍ പദ്ധതിയിലൂടെയാണ് രുചികരമായ, മായം കലരാത്ത ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം സിറ്റിയിലാണ് നടപ്പാക്കുന്നത്. മാര്‍ച്ച് അഞ്ചിന് ചൈത്രത്തില്‍ മന്ത്രി എം.ബി. രാജേഷ് ലഞ്ച് ബെല്‍ ഉദ്ഘാടനം ചെയ്യും.
ശ്രീകാര്യത്താണ് ഇതിനായി ക്ലൗഡ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ ഉച്ചയൂണ് മാത്രമായിരിക്കും ലഭ്യമാവുക. ഇല, പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ എന്നിവ ഒഴിവാക്കി തികച്ചും ഹരിത പ്രോട്ടോകോള്‍ പ്രകാരം സ്റ്റീല്‍ ലഞ്ച് ബോക്സിലാണ് ഭക്ഷണം എത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രൈവറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെക്രട്ടറിയേറ്റ്, വികാസ് ഭവന്, നിയമസഭ എന്നിവ കൂടാതെ കഴക്കൂട്ടം ഭാഗത്തെ ഐടി പാര്‍ക്കുകളിലേക്കും കുടുംബശ്രീയുടെ 500 ഉച്ചയൂണാണ് പ്രാഥമിക ഘട്ടത്തില്‍ വിതരണം ചെയ്യുക.
തലേന്നു രാത്രി തന്നെ ഓര്‍ഡര്‍ ചെയ്യണം. രാവിലെ പത്തോടെ പാഴ്സലുകളാക്കുന്ന ഉച്ചഭക്ഷണം ഉച്ചയ്ക്ക് 12 ന് മുമ്പായി സീറ്റുകളിലെത്തും. രണ്ടു മണിയോടെ ഭക്ഷണം കൊണ്ടുവന്ന ലഞ്ച് ബോക്സ് തിരിച്ചുകൊണ്ടുപോകാനായി ആളെത്തും. ഇരുചക്രവാഹനത്തില്‍ ഭക്ഷണവിതരണത്തിനായി കുടുംബശ്രീയിലെ വനിതാ അംഗങ്ങള്‍ക്ക് പരിശീലനം നല്കി കഴിഞ്ഞു. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുക. ഉപഭോക്താവിന് ജോലിയുള്ള ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസം വരെ മുന്‍കൂട്ടി ലഞ്ച് സബ്സ്ക്രൈബ് ചെയ്യാം.
ഉച്ചയൂണിന് 60 രൂപയാണ്. മീന്‍ കറിയോ, മീന്‍ വറുത്തതോ അടങ്ങിയ ഊണാണെങ്കില്‍ 90 രൂപയാകും. ഒരാഴ്ചയ്ക്കു ശേഷം ചിക്കനോ ബീഫോ ഓംലെറ്റോ അടങ്ങിയ ഊണ് വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. ഇതിന് 100 രൂപയ്ക്ക് മുകളിലായിരിക്കും നിരക്ക്. ഉച്ച ഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ ലഭ്യമാക്കാനും കുടുംബശ്രീ ശ്രമിക്കുന്നുണ്ട്. പഴങ്ങളുടെ വിപണി വില അനുസരിച്ചായിരിക്കും ഇതിന്റെ വില നിശ്ചയിക്കുക.
സ്ഥിരമായി ഭക്ഷണം പാഴ്സല്‍ വാങ്ങുന്നവര്‍ക്ക് ആ ലഞ്ച് ബോക്സുതന്നെ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് കുടുംബശ്രീ മിഷന് മാര്‍ക്കറ്റിംഗ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എ.എസ്. ശ്രീകാന്ത് പറഞ്ഞു.