ക്രിൻഫ്ര ജലവിതരണ പദ്ധതി: പ്രക്ഷോഭ പരമ്പരയ്ക്ക് യുഡിഎഫ്
1395873
Tuesday, February 27, 2024 6:24 AM IST
കൊച്ചി: ആലുവയിലെ പെരിയാര്‍ നദിയില്‍ നിന്നും കിന്‍ഫ്രയിലേക്ക് വ്യാവസായിക ആവശ്യത്തിന് 45 എംഎല്‍ഡി കുടിവെള്ളം കൊണ്ടുപോകുന്നതിനെതിരേ പ്രക്ഷോഭ പരമ്പര പ്രഖ്യാപിച്ച് യുഡിഎഫ്.
ജനങ്ങളുടെ കുടിവെള്ളത്തിന് മുന്‍ഗണന നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ നിന്നും വ്യതിചലിച്ച് വ്യാവസായിക മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സമരപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ യോഗം ചേര്‍ന്നു.
യുഡിഎഫ് വിഭാവനം ചെയ്ത 190 എംഎല്‍ഡി കുടിവെള്ള പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. അതില്‍ ആലുവ പുഴയില്‍ നിന്നും വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ അളവില്‍ ജലം കൊണ്ടുപോകുന്നുണ്ട്. അതിനുപുറമേ വ്യാവസായിക ആവശ്യത്തിനു കൂടി വെള്ളം ഉപയോഗിച്ചാല്‍ അത് ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുംദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് പറഞ്ഞ മുഹമ്മദ് ഷിയാസ് നാലു മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സദസുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് ആലുവയിലും, മാര്‍ച്ച് രണ്ടിന് കളമശേരിയിലും, മാര്‍ച്ച് നാലിന് എറണാകുളത്തും തൃക്കാക്കരയിലും ജനകീയ സദസുകള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, ഉമ തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ ജലീല്‍, കെപിസിസി സെക്രട്ടറി ടോണി ചമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.