പെരിയാര്‍വാലി കനാല്‍: കണ്ടന്തറയിലേക്ക് വെള്ളം എത്തുന്നില്ല
1395872
Tuesday, February 27, 2024 6:24 AM IST
പെരുമ്പാവൂര്‍: വേനല്‍ കനത്തതോടെ പെരിയാര്‍വാലി കനാലില്‍നിന്ന് എല്ലാ കനാലുകളിലേക്കും സബ് കനാലുകളിലേക്കും വെള്ളം തുറന്നുവിട്ടിട്ടും കണ്ടന്തറ ഭാഗത്തേക്ക് വെള്ളം എത്തിയിട്ടില്ല. പഞ്ചായത്തിലെ 7, 8, 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കണ്ടന്തറ.
ആശാരിമോളം, മഞ്ചേരിമുക്ക്, കണ്ടന്തറ ഭാഗങ്ങളിലുള്ള നിരവധി വീടുകളിലെ കിണറുകള്‍ വറ്റിത്തുടങ്ങി. ചില കിണറുകള്‍ പൂര്‍ണമായും വറ്റിയിട്ടുണ്ട്. അഞ്ചാംഘട്ടം നെല്‍കൃഷി തുടങ്ങിയ കളത്തിപ്പാടത്ത് വെള്ളമില്ലാത്തതിനാല്‍ ഇതുവരെ ഉഴുവല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിയാര്‍വാലി കനാലില്‍ വളയന്‍ചിറങ്ങര ഭാഗത്തുനിന്ന് തുടങ്ങി കോഴിപ്പാടം, അല്ലപ്ര വരെയാണ് നിലവില്‍ വെള്ളം എത്തുന്നത്.
ചില ഭാഗങ്ങളില്‍ കനാലില്‍നിന്ന് മണ്ണ് ഇടിഞ്ഞു വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനാലാണ് കണ്ടന്തറ ഭാഗത്തേക്ക് വെള്ളമെത്താത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് നീക്കം ചെയ്ത് ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.
ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കണ്ടന്തറ ഭാഗത്തേക്ക് പെരിയാര്‍വാലി കനാല്‍വെള്ളം എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭൂമിയുടെ അവകാശികള്‍ കാര്‍ഷിക കൂട്ടായ്മയുടെ കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമര പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കെ.എം. ഷമീര്‍ അധ്യക്ഷത വഹിച്ചു.