സാന്പത്തികബാധ്യത: ദന്പതികൾ ജീവനൊടുക്കി
1395861
Tuesday, February 27, 2024 6:24 AM IST
ഇടക്കൊച്ചി: സാന്പത്തിക ഞെരുക്കം മൂലം ഇടക്കൊച്ചിയിൽ ദന്പതികൾ ആത്മഹത്യ ചെയ്തു. പാലമുറ്റം റോഡിൽ കോയിമ്മപറന്പിൽ ആന്റണി (64), ഭാര്യ സലോമി (59) എന്നിവരെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ വീട്ടിലെത്തിയവർ ഇരുവരെയും വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറക്കാതായതോടെ വീടിന് മുകൾനിലയിൽ താമസിക്കുന്ന മകനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് ജനാല തുറന്നു നോക്കിയപ്പോൾ രണ്ടു മുറികളിലായി ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട ആന്റണിക്ക് മരപ്പണി ആയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ട് മൂലം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.
ആന്റണിയുടെ ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹം ചെയ്തതാണ് സലോമിയെ. ഇവർ താമസിച്ചിരുന്ന വീട് പണയപ്പെടുത്തി ബാങ്കിൽനിന്ന് എടുത്തിരുന്ന വായ്പ കുടിശിക ആയിരുന്നതായും നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു 10ന് ഇടക്കൊച്ചി പള്ളിയിൽ സംസ്കരിക്കും. മക്കൾ: ആൻസൻ, റെക്സൻ. മരുമക്കൾ: സിൻഡർല, ആതിര.