ചേന്ദമംഗലം സഹകരണ ബാങ്ക് അഴിമതി : ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം
1395858
Tuesday, February 27, 2024 6:24 AM IST
പറവൂർ: സാമ്പത്തിക അഴിമതിയും ക്രമക്കേടും കണ്ടെത്തിയ ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം. വർഷങ്ങളായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണമാണ് ബാങ്കിൽ നടക്കുന്നത്. ഡിസിസി അംഗം കെ. ശിവശങ്കരനാണ് ബാങ്ക് പ്രസിഡന്റ്.
ബാങ്കിൽ രണ്ട് കോടി രൂപയുടെ വായ്പയ്ക്ക് ഈടായി നൽകിയിരുന്ന വസ്തുവിന്റെ ആധാരം വായ്പ നിലനിൽക്കേ ബാങ്കിന് പുറത്തുകൊണ്ടുപോയി മറ്റാളുകൾക്ക് വിൽപ്പന നടത്തിയതിൽ ബാങ്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും കൂടാതെ നിയമ വിരുദ്ധ വായ്പകൾ നൽകിയതിൽ 16.5 കോടി രൂപയുടെ ക്രമക്കേട്, ബാങ്കിന്റെ അക്കൗണ്ടിൽ നിന്നുള്ള പണാപഹരണം, നിയമനത്തിലെ അഴിമതി എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് ബാങ്കിനെതിരെ ഉയർന്നത്.
ആരോപണങ്ങളിൽ സഹകരണ വകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തുകയും ക്രമക്കേട് ശരിവക്കുകയും ചെയ്തു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ഇതേതുടർന്ന് അഴിമതിയിൽ മുങ്ങിക്കുളിച്ച ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ശിവശങ്കരനുൾപ്പടെ 20 പേർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എട്ട് സഹകാരികൾ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് 2023 മേയ് മൂന്നിന് വീണ്ടും പരാതി നൽകി.
ആരോപണ വിധേയരിൽ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിമാരും ജീവനക്കാരുമുണ്ട്. എന്നാൽ ഈ പരാതിയിലും നടപടി സ്വീകരിക്കാൻ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ തയാറാകാത്തതിനെതുടർന്നാണ് ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ വി.യു. ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.