യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഉപരോധിച്ചു
1395857
Tuesday, February 27, 2024 6:24 AM IST
വൈപ്പിൻ: പൊതുപണം അപഹരിച്ച താൽകാലിക ജീവനക്കാരിയെ പിരിച്ചുവിടണമെന്നും ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കവാടം ഉപരോധിച്ചു.
18 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി 10 മാസം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ഒരു നടപടി പോലും സ്വീകരിച്ചില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക കൃത്യവിലോപമാണ് നടത്തിയട്ടുള്ളതെന്ന് തെളിഞ്ഞിരുന്നു.
വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റിയോട് നടപടി എടുക്കാനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ ആരോപണം നേരിടുന്ന ജീവനക്കാരിയെ വീണ്ടും നിലനിർത്താനുള്ള ശ്രമം ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുകയാണ്.
സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായതിനാലാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് ഉപരോധ സമരത്തിന് നേതൃത്വം നൽകി.