പരിസ്ഥിതിനാശ പ്രതിരോധത്തിന് മാർക് ഫോർ വൈപ്പിൻ
1395855
Tuesday, February 27, 2024 6:24 AM IST
വൈപ്പിൻ: പാരിസ്ഥിതിക തകർച്ചയുടെ ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനും തൊഴിൽ ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങൾക്കും പര്യാപ്തമായ ‘മാർക് ഫോർ വൈപ്പിൻ' (മാംഗ്രൂവ് റീസ്റ്റോറേഷൻ ആൻഡ് കൺസർവേഷൻ) പദ്ധതി ആരംഭിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
ഡിപി വേൾഡിന്റെ അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് പരിസ്ഥിതി, സേവന, സന്നദ്ധ സംഘടനയായ പ്ലാൻ അറ്റ് എർത്തിന്റെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസം നാലിന് മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറക്കൽ, കടമക്കുടി പഞ്ചായത്തുകളിലെ 25 ഏക്കർ പുറമ്പോക്ക് ഭൂമിയിലെ കണ്ടൽക്കാടുകൾ സംരക്ഷണവും 25 ഏക്കർ വിസ്തൃതിയിലെ കണ്ടൽകാടുകളുടെ പുനരുജ്ജീവനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
കൂടാതെ ഉപജീവന മാർഗമായി തേനീച്ച കൂടുകളുടെ വിതരണം, പൊക്കാളി കൃഷി പ്രോത്സാഹന ലോൺ, മത്സ്യത്തിന്റെ ഉൾപ്പെടെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ, ഇക്കോ ടൂറിസം, കയാക്കിംഗ്, മീൽസ് ഓൺ വീൽസ്, വൈപ്പിൻ പൊതിച്ചോർ പദ്ധതി, കിച്ചൺ കിയോസ്ക് എന്നിവ ‘മാർക് ഫോർ വൈപ്പിൻ’ പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ ഗുണഭോക്തൃ യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ ബോൾഗാട്ടി പാലസിൽ ചേർന്നു.