മദ്യപിച്ചു വാഹനം ഓടിച്ച 189 പേര് കുടുങ്ങി
1392226
Monday, February 12, 2024 4:31 AM IST
കൊച്ചി: നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് വിവിധയിടങ്ങളില്‍ നിന്നായി ശനിയാഴ്ച പോലീസ് 189 പേരെ പിടികൂടി. ഇതിനുപുറമേ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിനും 54 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹന പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതും വണ്‍വേ തെറ്റിച്ച് വാഹനം ഓടിക്കുന്നതും നഗരത്തിലെ നിത്യസംഭവങ്ങളാണ്.
അശ്രദ്ധമായി ഇത്തരത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ നഗരത്തില്‍ ഗതാഗതക്കുരുക്കിനും കുറവില്ല. തിരക്കേറിയ ജംഗ്ഷനുകളിലടക്കം സീബ്രലൈനില്‍ കയറിയാല്‍ പോലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കണമെങ്കില്‍ ഏറെ നേരെ കാത്തുനില്‍ക്കേണ്ട സ്ഥിതിയുമുണ്ട്. എഐ കാമറ ഉണ്ടായിട്ടും മറൈന്‍ഡ്രൈവിലൂടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്യുന്നവരും നിരവധിയാണ്.