സ്ത്രീ ശാക്തീകരണ സിനിമകളുമായി അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള
1392225
Monday, February 12, 2024 4:31 AM IST
കൊച്ചി: സ്ത്രീകളെ ശാക്തീകരിക്കാൻ ഉതകുന്ന നിരവധി ചലച്ചിത്ര പ്രദര്‍ശനങ്ങളുമായി അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്ര മേള മൂന്നാം ദിനത്തിലേക്ക്. ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി 13 വരെ സവിത, സംഗീത തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് സവിത തിയറ്ററില്‍ രാവിലെ 9.30 ന് മറിയം കേഷവാര്സിന്റെ 'ദ പേര്‍ഷ്യന്‍ വേര്‍ഷന്‍, 9.45 ന് സംഗീത തിയറ്ററില്‍ സാറ ഗോമസിന്റെ ഡോക്യുഫിക്ഷന് മൂവി 'ഇന്‍ എ സെര്‍ടൈന്‍ വേ', ഉച്ചയ്ക്ക് 12 ന് സവിതയില്‍ 'ത്രൂ ദ നൈറ്റ്', എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
12.15 ന് സംഗീതയിൽ മിക്ക ഗുസ്താഫ്സണ്‍ ചിത്രമായ 'പാരഡൈസ് ഈസ് ബേണിംഗ്' 3. 30 ന് സവിതയിൽ ഡോക്യുമെന്ററികളായ, ' ലാൻഡ്ഓഫ് മൈ ഡ്രീംസ്, 'സംവേര്‍ നിയര്‍ ആന്‍ഡ് ഫാര്‍', 'വാട്ട് ഡു ഐ ഡു ആഫ്റ്റര്‍ യു' എന്നിവ പ്രദര്‍ശിപ്പിക്കും. മൂന്നിന് സംഗീത തിയറ്ററില്‍ 'ബഹദൂര്‍ ദി ബ്രേവ്', സവിത തിയറ്ററില്‍ ഏഴിന് 'അപ്പോണ്‍ ഓപ്പണ്‍ സ്കൈ , 7.15 ന് സംഗീതയില്‍ ‘ദി ബ്യുരിറ്റി ഫ്ലവര്‍', എന്നിവ് പ്രദര്‍ശിപ്പിക്കുന്നതാണ്.
ഓപ്പണ്‍ ഫോറം
കൊച്ചി: ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് സവിത തിയറ്റര്‍ പരിസരത്ത് പെണ്‍കാണിയുടെ പ്രതീക്ഷകള്‍ ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാനത്തില്‍ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ മഹാരാജാസ് കോളജ് അസോസിയേറ്റ് പ്രഫസര്‍ സുമി ജോയി മോഡറേറ്റര്‍ ആകും. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാല പാര്‍വതി, അഭിനേത്രി ഐ.ജി. മിനി, ആട്ടം സിനിമയിലൂടെ ശ്രദ്ധ നേടിയ സറിന് ഷിഹാബ്, സംവിധായകന് മിഥുന് മുരളി, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ വി.കെ. ഷാഹിന, ഡോക്യൂമെന്ററി നിര്‍മാതാവ് നൗഷീന്‍ ഖാന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മനുഷ്യന്റെ ലൈംഗികത കൊലപാതകത്തേക്കാള്‍ അപകടം: ജോളി ചിറയത്ത്
കൊച്ചി: കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവര്‍ത്തകയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത്.
അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ "സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ന് "അവളുടെ രാവുകള്‍' പോലുള്ള സിനിമകള്‍ ഉണ്ടാകുമോയെന്നും ജോളി ചിറയത്ത് അഭിപ്രായപ്പെട്ടു.
നിറം ലൈംഗികതയെ സ്വാധീനിക്കുന്നുവെന്നും വെളുത്ത സ്ത്രീകളുടെ ലൈംഗികതയാണ് സിനിമ സംസാരിക്കുന്നതെന്നും ഇന്ദു രമ വാസുദേവ് പറഞ്ഞു. ചര്‍ച്ചയില്‍ അധ്യാപികയും സംവിധായകയുമായ ആശാ അച്ചി ജോസഫ്, ലൂര്‍ദ്സ് എം സുപ്രിയ, ഗുര്‍ലീന്‍ ഗ്രേവല്‍ എന്നിവര്‍ പങ്കെടുത്തു.