ആളുമാറി തല്ലി; നവകേരള സദസില്‍ സിപിഎം പ്രവര്ത്തകന് മര്‍ദനം
1377306
Sunday, December 10, 2023 3:10 AM IST
കൊച്ചി: നവകേരള സദസിനിടെ സിപിഎം പ്രവര്ത്തകന് മര്‍ദനം. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പരിപാടിക്കിടെ തമ്മനം സ്വദേശിയായ റയീസിനാണ് മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റയീസ് ചികിത്സയില്‍ തുടരുകയാണ്. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിംഗമാണ് താനെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകനാണെന്ന് കരുതി ആളുമാറി മര്‍ദിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം.
പരിപാടിക്കിടെ ലഘുലേഖ വിതരണവുമായി ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചിരുന്നു. അവിടെ വച്ച് തങ്ങളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഎസ്എ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇവര്ക്കൊപ്പമുള്ളയാളാണെന്ന് കരുതിയാണ് റയീസിനെയും ആളുമാറി മര്‍ദിച്ചത്. അവര്‍ക്ക് അടുത്തിരുന്നതിനാണ് തന്നെ മര്‍ദിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്നും റയീസ് ആരോപിക്കുന്നു. പരിപാടിക്കിടെ ഫോണ്‍ കോള്‍ വന്നതോടെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അഞ്ചോളം പേരെത്തിയായിരുന്നു മര്‍ദനം. പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൂട്ടമായെത്തി വളഞ്ഞുവെച്ച് മര്‍ദിച്ചുവെന്നും റയീസ് പറയുന്നു.
നിലത്തുവീണിട്ടും മര്‍ദനം തുടര്‍ന്നു. ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ല. തീരുമാനം അറിയിക്കേണ്ടവരെ അറിയിക്കുമെന്നം റയീസ് പറഞ്ഞു. പാര്‍ട്ടിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് റയീസ്. അതേസമയം സിപിഎം പ്രവര്ത്തകന് മര്‍ദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
നവകേരള സദസില്‍ പ്രതിഷേധത്തിനെത്തി മര്‍ദനമേറ്റ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം റിജാസ് എം. സിദ്ദീഖ്, മുഹമ്മദ് ഹനീന് എന്നിവര്‍ ചികിത്സയിലാണ്. ഇവരെ പോലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
"രക്ഷാപ്രവര്‍ത്തന'ത്തില്‍ പാര്‍ട്ടിക്കാര്‍ക്കും രക്ഷയില്ല: മുഹമ്മദ് ഷിയാസ്
കൊച്ചി: മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തനം സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും പ്രയോഗിച്ചു തുടങ്ങിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പാര്‍ട്ടിക്കാര്‍ക്ക്പോലും രക്ഷയില്ലാതായി. ഇതുപോലെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന മുഖ്യമന്ത്രി മുതല്‍ താഴത്തട്ടില്‍ കൈകാര്യം ചെയ്യുന്നവര്‍ വരെയുള്ള ക്രിമിനലുകളുടെ സംഗമമാണ് നവകേരള സദസ് എന്ന പേരില്‍ നടക്കുന്നതെന്നും ഷിയാസ് ആരോപിച്ചു.
സ്വന്തം പാര്‍ട്ടിക്കാരെ പോലും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള മനസ്ഥിതിയിലായി ഡിവൈഎഫ്ഐ. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാര്ട്ടിക്കാര് എന്ന വ്യാജേന ഒരുകൂട്ടം ക്രിമിനലുകള്‍ ആണ് നവകേരള സദസിനെ നിയന്ത്രിക്കുന്നതെന്ന യുഡിഎഫിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ സംഭവം. മുഖ്യമന്ത്രിയും ഭരണസംവിധാനവും പാലൂട്ടി വളര്‍ത്തുന്ന ക്രിമിനലുകള്‍ ഏറ്റവും ഒടുവില്‍ അവരെ തന്നെ തിരിഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.