അങ്കമാലിയില്‍ പെയിന്റ് ഗോഡൗണിൽ തീപിടിത്തം
1375403
Sunday, December 3, 2023 2:46 AM IST
അങ്കമാലി: ഓള്‍ഡ് മാര്‍ക്കറ്റ് റോഡില്‍ കളര്‍ ഹൗസ് എന്ന പെയിന്റ് കടയുടെ ഗോഡൗണിന് തീ പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ വൈകിട്ട് നാലോടെയാണ് കടയുടെ ഒന്നാം നിലയിലെ രണ്ടു ഷട്ടര്‍ കടമുറിയില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് സാമഗ്രികൾ കത്തിനശിച്ചത്.
കടയുടെ എതിര്‍വശത്ത് നിന്നിരുന്ന ചുമട്ട് തൊഴിലാളികളാണ് പുകയുയരുന്നതായി ആദ്യം കണ്ടത്. ഉടനെ കടയിലെ ജീവനക്കാരെയും കൂട്ടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമാവുകയായിരുന്നു. അങ്കമാലിയിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മുകള്‍ നിലയിലെ വരാന്തയില്‍ കിടന്നിരുന്ന ഇരുന്പ് ഷെല്‍ഫും ഗോഡൗണിന്റെ അടഞ്ഞുകിടന്ന ഷട്ടറുകളും തീയണക്കുന്നതിന് തടസമായി. തുടര്‍ന്ന് പെരുമ്പാവൂര്‍, ചാലക്കുടി, ആലുവ, പറവൂര്‍, ഏലൂര്‍, ഗാന്ധിനഗര്‍ യൂണിറ്റുകളില്‍ നിന്ന് സേനയെത്തി ഷട്ടര്‍ വെട്ടിപ്പൊള്ളിച്ച ശേഷം വെള്ളമടിച്ചാണ് തീപടരുന്നത് നിയന്ത്രിച്ചത്.
തീ ശമിച്ച് ഉദ്യോഗസ്ഥർ താഴെയിറങ്ങുമ്പോള്‍ വീണ്ടും ആളിക്കത്തി. ഒടുവിൽ അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് ജീവനക്കാര്‍ നടത്തിയ വലിയ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണക്കുവാനായത്. ചുമട്ട് തൊഴിലാളികളും വ്യാപാരി വ്യവസായികളും, ജനപ്രതിനിധികളും നാട്ടുകാരും സേനയ്ക്കൊപ്പം അണിനിരന്നു.
ഗോഡൗൺ ഷട്ടര്‍ തുറന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് സേന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയത്. കെഎസ്ഇബി ജീവനക്കാരെത്തി സ്ഥാപനം സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.