മണികണ്ഠൻ പാലത്തിൽ അപകടങ്ങൾ പതിവായി
1374616
Thursday, November 30, 2023 2:13 AM IST
പാലക്കുഴ: പഞ്ചായത്തിലെ മണികണ്ഠൻ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കാർ അപകടത്തിൽ ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവല്ലയിൽ നിന്ന് ആവോലിലേക്ക് പോയ കാർ പാലത്തിൽ ഇരുചക്ര വാഹനത്തിന് സൈഡ് നൽകുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം. അപകടത്തിൽപ്പെട്ട വാഹനം കൈവരിയിൽ ഇടിച്ച് നിന്നതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി അപകടങ്ങളാണ് പാലത്തിൽ ഉണ്ടാകുന്നത്. നിരന്തരമായ അപകടങ്ങളെ തുടർന്ന് പാലത്തിന്റെ കൈവരി തകർന്ന നിലയിലാണ്.
കൂത്താട്ടുകുളം-മൂവാറ്റുപുഴ എംസി റോഡിന് സമാന്തരമായുള്ള ബൈപ്പാസ് റോഡാണ് കൂത്താട്ടുകുളം - പണ്ടപ്പിള്ളി - ആരക്കുഴ വഴി മൂവാറ്റുപുഴയ്ക്കുള്ള ബൈപ്പാസ് റോഡ്.
ബിഎംബിസി നിലവാരത്തിലുള്ളതിനാലും തിരക്കും ദൂരക്കുറവും ഉള്ളതിനാലും ധാരാളം പേർ ഈ റോഡിലൂടെ കടന്നുപോകുന്നു. 16 കോടി മുടക്കിയാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന ഭാഗമാണ് സോഫിയ ജംഗ്ഷനും സമീപമുള്ള മണികണ്ഠൻ പാലം.
പുനർനിർമാണശേഷം ഇവിടങ്ങളിൽ അപകടങ്ങൾ പതിവായി. പാലത്തിന്റെ ഇരുവശത്തു നിന്നും അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവുമുണ്ട്. മുന്പേ പോകുന്ന വാഹനം പാലത്തിന്റെ വീതി കുറവ് കാണുന്പോൾ ബ്രേക്ക് ചെയ്യുന്ന അവസ്ഥയിൽ പിന്നിൽ വരുന്ന വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ വാഹനം തോട്ടിലേക്ക് മറിയുകയും ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
60 വർഷത്തിലേറെ പഴക്കമുള്ളതാണ് പാലം. പുനർ നിർമിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. റോഡിൽ അപകടം പതിവാകുന്ന ഭാഗത്ത് അപായ സൂചക ബോർഡുകളോ മുന്നറിയിപ്പ് ലൈറ്റുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.