തൃക്കാക്കരയിൽ ഡെങ്കിപ്പനി വ്യാപനം
1374394
Wednesday, November 29, 2023 6:47 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊതുകുകളെ തുരത്താൻ ഡെങ്കു ബാധിത വാർഡുകളിൽ കൂടുതൽ ഫോഗിംഗ് നടത്താനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
തൃക്കാക്കരയിൽ നൂറിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇടച്ചിറയിൽ രണ്ടര വയസുകാരി ദുർഗ മനോജ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇടച്ചിറ വാർഡിലെ കുഴിക്കാട്ടുമൂലയിലെ സ്വകാര്യ ഫ്ലാറ്റിലെ ശുചീകരണ തൊഴിലാളികൾ ഒന്നടങ്കം ഡെങ്കി ബാധിതരായി ചികിത്സയിലായ വിവരം നഗരസഭ ആരോഗ്യ വിഭാഗം അറിഞ്ഞമട്ടില്ല.
വിവരം ജില്ലാ മെഡിക്കൽ ഓഫീസറെപ്പോലും അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. കിഴക്കൻ മേഖലയായ ഇടച്ചിറ, ഇൻഫോ പാർക്ക് പരിസരങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ ചില വാർഡിലും രോഗവ്യാപനം നിയന്ത്രിക്കാൻ നഗരസഭ ഒരു ഇടപെടലും നടത്തിയിട്ടില്ല.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഇഴയുകയാണ്. നഗരസഭയിലെ കൊതുക് നശീകരണത്തിനായി നിയോഗിച്ചിട്ടുള്ള തൊഴിലാളികളെ മറ്റ് ജോലികൾക്കാണ് ഉപയോഗിക്കുന്നത്.