പ്ലാറ്റിനം ജൂബിലി നിറവിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് സ്കൂൾ
1374382
Wednesday, November 29, 2023 6:46 AM IST
നെടുമ്പാശേരി: കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. 1949 സ്ഥാപിതമായ വിദ്യാലയം വിവിധ പരിപാടികളോടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണെന്ന് മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അറിയിച്ചു. കഴിഞ്ഞ ജനുവരി 22ന് പൂർവ വിദ്യാർഥികളും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു.
30 മുതൽ ഡിസംബർ രണ്ട് വരെ വിവിധ വിദ്യാലയങ്ങൾ, പ്രഫഷണൽ കോളജുകൾ സംഘടനക്കൂട്ടായ്മകൾ എന്നിവയെ പങ്കാളികളാക്കി "വിസ്റ്റ’ എന്ന പേരിൽ മെഗാ എക്സിബിഷൻ നടത്തും. ഇതിന്റെ ഉദ്ഘാടനം കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാബുവും പ്രദർശനം എറണാകുളം ഡിഡി ഹണി ജി. അലക്സാണ്ടറും നിർവഹിക്കും. ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ പ്രദർശനം തുടങ്ങും.
ഖാദി ഉത്പ്പന്നങ്ങൾ, റെഡിമെയ്ഡ് ഡ്രസ് മെറ്റീരിയലുകൾ, ഭക്ഷ്യവസ്തുക്കൾ, മൺപാത്ര കരകൗശല വസ്തുക്കൾ എന്നിവ പ്രദർശനത്തിൽ ഉണ്ടായിരിക്കും. ഫുഡ് കോർട്ടും കലാസന്ധ്യകളും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിന് നടക്കുന്ന വാർഷികാഘോഷങ്ങൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.