ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ക്ക് കത്ത്
1374155
Tuesday, November 28, 2023 3:07 AM IST
കൊച്ചി: കുസാറ്റില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മറ്റി ഗവര്‍ണര്‍ക്ക് കത്ത് നല്കി. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു.
അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വൈസ് ചാന്‍സലര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. കാമ്പസുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വിസിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി.
വൈസ് ചാന്‍സലറുടെ ചുമതലയില്‍ നിന്ന് ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നും കുസാറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്കുന്നതില് യൂണിവേഴ്സിറ്റി യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ക്ക് വീഴ്ചയുണ്ടായി എന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.