അമ്മയും മകനും സാധാരണ ജീവിതത്തിലേക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച് ജനറല്‍ ആശുപത്രി
1374153
Tuesday, November 28, 2023 3:07 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ അമ്മയും മകനും സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍. ഞായറാഴ്ചയാണ് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നത്.
വൃക്കസംബന്ധമായ രോഗവുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചേര്‍ത്തല സ്വദേശി അബിനാണ് ശസ്ത്രക്രിയയക്കു വിധേയനായത്. അമ്പതുകാരിയായ അമ്മയാണ് അബിന്‍ വൃക്ക നല്‍കിയത്. ഇരുവരും യൂറോളജി വിഭാഗം ഐസിയുവില്‍ നിരീക്ഷണത്തിലാണ്.
രണ്ടു പേരുടെയും ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.ഷഹീര്‍ ഷാ പറഞ്ഞു. യൂറിന്റെയും രക്തത്തിന്റെയും അളവില്‍ പുരോഗതിയുണ്ട്. മാറ്റിവയ്ക്കപ്പെട്ട വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ദാതാവിന് നാല് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും സ്വീകര്‍ത്താവിന് 10 ദിവസം കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്നും സൂപ്രണ്ട് അറിയിച്ചു.
രാജ്യത്തെ അവയമാറ്റ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത്. ജനറല്‍ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അടുത്തിടെയാണ് അനുമതി ലഭ്യമായത്.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ രജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനും ആശുപത്രിക്കുണ്ട്. ശസ്ത്രക്രിയയ്ക്കുവേണ്ടി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്.