സൈക്കിൾ കള്ളൻ കുടുങ്ങി
1374136
Tuesday, November 28, 2023 2:40 AM IST
ആലങ്ങാട്: ആലങ്ങാട്, തിരുവാലൂർ മേഖലയിലെ സൈക്കിൾ മോഷ്ടാവ് ആലങ്ങാട് പോലീസിന്റെ പിടിയിലായി. തിരുവാലൂർ കനാൽ കോളനി ആശാരിപ്പറമ്പ് വീട്ടിൽ ഷിബുവാണ് (45) പിടിയിലായത്.
ഒരാഴ്ച മുന്പ് മാളികംപീടിക കവലയിൽ വച്ചിരുന്ന സൈക്കിൾ മോഷണം പോയതോടെ കുണ്ടേലി സ്വദേശിയായ ശിവൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.
ഏകദേശം 11 സൈക്കിളുകൾ ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്കിടെ മോഷണം പോയിട്ടുണ്ട്. തിരുവാലൂർ കുണ്ടലി സ്വദേശി സന്തോഷിന്റെ സൈക്കിൾ ആഴ്ചകൾക്കു മുന്പ് തിരുവാലൂർ ഭാഗത്തുവച്ചു മോഷണം പോയിരുന്നു. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
റോഡരികിൽ വച്ചിട്ടുള്ള സൈക്കിളുകളാണ് മോഷ്ടിക്കപ്പെടുന്നതിലേറെയും. നഷ്ടപ്പെട്ടവയിൽ ഒരെണ്ണം പെയിന്റ് മാറ്റി ഉപയോഗിക്കുന്ന നിലയിൽ മാസങ്ങൾക്കു മുന്പ് മാളികംപീടിക ഭാഗത്തുനിന്നു കണ്ടെത്തുകയുണ്ടായി.
മോഷ്ടിക്കുന്ന സൈക്കിളുകൾ അതിഥിത്തൊഴിലാളികൾക്കു കുറഞ്ഞ വിലയിൽ വിൽക്കുന്ന സംഘം സമീപ പ്രദേശങ്ങളിൽ മുന്പ് സജീവമായിരുന്നു. ഇൻസ്പെക്ടർ എസ്. സനൂജ് അന്വേഷണത്തിനു നേതൃത്വം നൽകി.