മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് ദമ്പതീ സംഗമം
1374130
Tuesday, November 28, 2023 2:32 AM IST
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിലെ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് കൂട്ടായ്മയുടെ 11-ാമത് മധ്യമേഖല ദമ്പതീ സംഗമം തൃക്കാക്കര മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. എറണാകുളം, ഇടപ്പള്ളി, പറവൂർ, തൃപ്പൂണിത്തുറ, കിഴക്കമ്പലം ഫൊറോനകളിലെ നാനൂറോളം ദമ്പതികൾ പങ്കെടുത്തു.
മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് അതിരൂപത കോ-ഓർഡിനേറ്റർ റൈഫൺ-ടെസി ദമ്പതികൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ്- ബോബി ബൈജു എന്നിവർ ഉദ്ഘാടനം ചെയ്തു.
കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോസഫ് മണവാളൻ "ഉറപ്പുള്ള ദാമ്പത്യം ഉണർവുള്ള കുടുംബം' എന്ന വിഷയം അവതരിപ്പിച്ചു. മുൻ ഡയറക്ടറും പൊന്തിഫിക്കൽ സെമിനാരി പ്രഫസറുമായ റവ. ഡോ. അഗസ്റ്റിൻ കല്ലേലി സെഷൻ നയിച്ചു. ഇടപ്പള്ളി ഫൊറോന വികാരി ഫാ. ആന്റണി മഠത്തുംപടി, ഫാ. സാൻജോ കണ്ണമ്പിള്ളി, ജോസ്- മേരിയമ്മ എന്നിവർ പ്രസംഗിച്ചു.