കാപ്പ: രണ്ട് പേരെ ജയിലിൽ അടച്ചു
1373777
Monday, November 27, 2023 2:17 AM IST
ആലുവ: നിരന്തരം ഒരുമിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രണ്ട് പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മൂക്കന്നൂർ താബോർ കുഴൂക്കാരൻ കവല തെക്കേക്കര മജു(37), മൂക്കന്നൂർ കോക്കുന്ന് മദർ തെരേസ നഗർ പാറയിൽ അനിൽ പപ്പൻ (32) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഒരുമിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുള്ള ഇവർ കഴിഞ്ഞ ജൂൺ 21ന് അങ്കമാലിയിൽ തട്ടുകട നടത്തുന്നയാളെ രാത്രി കടയടച്ച് മടങ്ങുന്പോൾ അങ്കമാലി കുന്ന് ഭാഗത്തുവച്ച് സംഘം ചേർന്ന് വെട്ടിയും, ഇരുമ്പ് വടിക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കേസിലെ ഒന്നാം പ്രതി ജോസ്ഫിൻ കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയാണ്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, നെടുമ്പാശേരി, ആലങ്ങാട് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, കവർച്ച, അടിപിടി എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.