ബസ് ഇടിച്ച് വീട്ടമ്മ മരിച്ച കേസ് ഡ്രൈവർക്ക് 18 മാസം തടവും ഒന്നര ലക്ഷം പിഴയും
1339906
Monday, October 2, 2023 1:24 AM IST
പറവൂർ: സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ച കേസിൽ ഡ്രൈവർ കൈപ്പമംഗലം എള്ളുപറമ്പിൽ മുനീറിനെതിരെ അഡീഷണൽ സെഷൻസ് കോടതി 18 മാസം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.
കണ്ണമാലി ചെറിയകടവ് തുണ്ടിപറമ്പിൽ രുഗ്മിണി (67) ആണ് മരിച്ചത്. 2018 ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് ദേശീയപാത 66ൽ ചെറിയപ്പിള്ളി കവലയുടെ സമീപത്ത് വച്ചായിരുന്നു അപകടം.
മകൻ ആനന്ദകുമാർ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെയാണ് എറണാകുളം - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന "കൃഷ്ണ' ബസ് ബൈക്കിലിടിച്ച് രുഗ്മിണി മരിച്ചത്.
അമിത വേഗത്തിൽ വന്ന ബസിടിച്ച് റോഡിൽ തെറിച്ചുവീണ രുഗ്മിണിയുടെ തലയിലൂടെ അതേ ബസിന്റെ പിൻചക്രം കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
പിഴത്തുകയിൽ ഒരു ലക്ഷം രൂപ രുഗ്മിണിയുടെ അവകാശികൾക്കും 50,000 രൂപ അപകടത്തിൽ പരിക്കേറ്റ ആനന്ദകുമാറിനും നൽകാനാണ് നിർദേശം. സർക്കിൾ ഇൻസ്പെക്ടറായിരുന്ന ക്രിസ്പിൻ സാമാണു കേസ് അന്വേഷിച്ചത്.
ജഡ്ജി വി. ജ്യോതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ എം.ബി. ഷാജി ഹാജരായി.