ഗൂഗിള്‍ മാപ്പിനും പിഴയ്ക്കാം
1339897
Monday, October 2, 2023 1:24 AM IST
കൊച്ചി: വാഹന യാത്രകള്‍ക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഗൂഗിള്‍ മാപ്പിനും വഴി തെറ്റിയേക്കാമെന്നും അതിനാൽ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണമെന്നും ഗോതുരുത്തില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പു നല്‍കുകയാണ് പോലീസ്.
പേമാരിമൂലവും മറ്റും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍ ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിരിക്കണമെന്നില്ല.
തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും, വീതി കുറഞ്ഞതും സുഗമമായ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം.
എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്നുമില്ല. അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും, തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. ഇത്തരത്തില്‍ സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം
. മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്ന് ആദ്യം തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകണമെന്നില്ല. അതുകൊണ്ടാണ് വാഹനങ്ങള്‍ കൃത്യമായി തെരഞ്ഞെടുക്കേണ്ടത്.
ഒരു സ്ഥലത്തേക്ക് പോകാന്‍ ഒന്നിലധികം വഴികളുള്ളപ്പോള്‍ ഈ റൂട്ടില്‍ നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പായി നല്കിയാല് വഴി തെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. ഗതാഗത തടസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ കോണ്ട്രിബ്യൂട്ട് എന്ന ഓപ്ഷന് വഴി റിപ്പോര്‍ട്ട് ചെയ്യാം.
ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ ആഡ് ഓര് ഫിക്സ് റോഡ് എന്ന ഓപ്ഷന് വഴി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും.
തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്ട്രോള് റൂമില്‍ വിളിക്കാന്‍ മറക്കേണ്ട.