വെള്ളക്കെട്ടില്ലെങ്കില്‍ ക്രെഡിറ്റ് എടുക്കുന്നവര്‍ വെള്ളക്കെട്ടുണ്ടായാല്‍ വിമര്‍ശനവും ഏറ്റെടുക്കണം: ഹൈക്കോടതി
1339629
Sunday, October 1, 2023 5:36 AM IST
കൊച്ചി: നഗരത്തില്‍ വെള്ളക്കെട്ടില്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുക്കുന്നവര്‍ വെള്ളക്കെട്ടുണ്ടായാല്‍ വിമര്‍ശനവും ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്നലെ പരിഗണിക്കവെ നഗരസഭയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകന് ഹാജരാകാതിരുന്ന നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ ഇന്നലെ പരിഗണനയ്ക്കെടുത്തത്. എംജി റോഡിലടക്കം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചിരുന്നു. നഗരത്തില്‍ വെള്ളക്കെട്ടുണ്ടായ റോഡുകളുടെ ലിസ്റ്റ് അമിക്കസ് ക്യൂറി ഇന്നലെ കോടതിക്ക് കൈമാറി.
റോഡുകളിലെ കാനകള്‍ ശരിയായി വൃത്തിയാക്കിയോയെന്ന് സംശയം പ്രകടിപ്പിച്ച സിംഗിള്‍ ബെഞ്ച് എംജി റോഡിലെ സ്ഥിതി ചൂണ്ടിക്കാട്ടി.
നഗരത്തിലെ വെള്ളക്കെട്ടുണ്ടാകാനുള്ള യഥാര്‍ഥ കാരണം എന്താണെന്നു വ്യക്തമാക്കി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും റിപ്പോര്‍ട്ടു നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജികള്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. അതിനു മുമ്പ് മഴ കുറയാന്‍ നഗരസഭാ അധികൃതര്‍ പ്രാര്‍ഥിക്കാനും കോടതി വാക്കാല്‍ പറഞ്ഞു.