ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ
1339625
Sunday, October 1, 2023 5:36 AM IST
കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്ക്. നാളെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 25 കോടി രൂപ ചെലവില്‍ 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ബേസ്മെന്റ് ഉള്‍പ്പെടെ ഏഴു നിലകളിലായി നിർമിച്ചിരിക്കുന്ന ബ്ലോക്കില്‍ ഒരേസമയം 104 രോഗികളെ കിടത്തി ചികിത്സിക്കാനാകും.
കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് നിർമിച്ച ബ്ലോക്കില്‍ കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക വാര്‍ഡ്, കൂട്ടിരിപ്പുകാര്‍ക്കുള്ള ഡോര്‍മിറ്ററി എന്നിവയും സജ്ജമാണ്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഐസിയു വാര്‍ഡുകളിലും സാധാരണ വാര്‍ഡുകളിലും ഓക്സിജന്‍ സംവിധാനമുണ്ട്. ഒരേസമയം 26 പേര്‍ക്ക് കയറാവുന്ന രണ്ടു ലിഫ്റ്റുകളും ഇരുപതോളം കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും പുതിയ ബ്ലോക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.