സഹോദരനെ വെടിവച്ചുകൊന്ന പ്രതി റിമാൻഡിൽ
1339618
Sunday, October 1, 2023 5:35 AM IST
ആലുവ: ജ്യേഷ്ഠ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജീവനക്കാരൻ എടയപുരം തൈപ്പറമ്പിൽ ടി.ജെ. തോമസിനെ (45) ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പക്ഷികളേയും മറ്റും വെടിവയ്ക്കാനുപയോഗിക്കുന്ന അച്ഛൻ ജോസഫിന്റെ നീളമേറിയ 0.22 എയർഗണാണ് തോമസ് വെടിവയ്ക്കാൻ ഉപയോഗിച്ചത്.
ഇതിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. വരും ദിവസങ്ങളിൽ ബാലിസ്റ്റിക് വിദഗ്ധരുടെ വിശദ പരിശോധനയുണ്ടാകും. പോൾസനെ തോക്ക് ഉപയോഗിച്ച് ഏഴ് തവണയാണ് തോമസ് വെടിവച്ചത്. തലയിലും കഴുത്തിലും അടക്കം ഏഴ് സ്ഥലങ്ങളിൽ വെടിയേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. വയറിലെ പരിക്കാണ് മരണ കാരണമായത്. മുറിയിൽ പലയിടത്തും ഉണ്ട പതിച്ചിട്ടുണ്ട്.
സാധാരണ എയർഗണുകൾ ഉപയോഗിച്ച് അകലെനിന്ന് വെടികൊണ്ടാൽ പരിക്കേൽക്കാനുള്ള സാധ്യത മാത്രമാണുള്ളത്. അടുത്ത് നിന്നല്ലെങ്കിൽ അത് മരണ കാരണമാകാറില്ല.
എന്നാൽ 0.22 ജൂൾ ശക്തിയുള്ള തോക്ക് വിദേശ നിർമിതമാണെന്നും സർക്കാർ നിരോധിച്ച വിഭാഗത്തിൽപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശക്തി കൂടിയതിനാൽ വെടിയേറ്റാൽ മരണകാരണമാകുമെന്നതിലാണ് വിദേശ നിർമിത 0.22 എയർഗണുകൾ സംസ്ഥാനത്ത് നിരോധിച്ചത്.
ഇതനുസരിച്ച് സംസ്ഥാനത്ത് എയർഗൺ വിഭാഗങ്ങളുടെ ലൈസൻസ് പുനപരിശോധിക്കേണ്ടതായിരുന്നു. ഇത്തരം തോക്കുകൾ സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടാനും സർക്കാർ ഏജൻസികൾക്ക് കഴിയേണ്ടതായിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ ഇത്രയും ജൂൺ ശക്തിയുള്ള എയർഗണുകൾ വിൽക്കുന്നില്ല.