അറിവിന്റെ കലവറ തുറന്നിട്ട് കൗമാര ശാസ്ത്രപ്രദര്‍ശനം
1339429
Saturday, September 30, 2023 2:12 AM IST
കൊച്ചി: കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ശാസ്ത്രീയ വൈഭവവും നൂതന ആശയങ്ങളും പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന ശാസ്ത്രപ്രദര്‍ശനം - ഇന്നൊവേഴ്സ്- അറിവിന്റെ വിരുന്നൊരുക്കി.
ഒമ്പതു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ പ്രോജക്ടുകളും കണ്ടെത്തലുകളും ഈ അഖില കേരള സ്കൂള്‍ ശാസ്ത്രപ്രദര്ശനത്തില് പ്രദര്‍ശിപ്പിച്ചു.
കൗമാരക്കാരുടെ സുസ്ഥിര ഭാവിക്കായി സര്‍ഗാത്മകത, ശാസ്ത്രീയ മനോഭാവം, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവ വളര്‍ത്തിയെടുക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. പങ്കെടുത്ത ടീമുകള്‍ അവരുടെ നൂതനാശയങ്ങളും പ്രോജക്ടുകളും വിധികര്‍ത്താക്കളുടെ വിവിധ പാനലിന് മുമ്പില്‍ അവതരിപ്പിച്ചു.
പ്രോജക്ടുകളുടെ പ്രദര്‍ശനം, മികച്ച പത്തു ടീമുകളുടെ ആകര്‍ഷകമായ പവര്‍ പോയിന്റ് അവതരണങ്ങള്‍, അവസാന അഞ്ച് ടീമുകള്‍ക്കായി സൂക്ഷ്മമായ ചോദ്യോത്തരങ്ങള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിനീത മെന്‍ഡസ് പങ്കെടുത്തു.