ചെങ്ങമനാട്-വെടിമറ റോഡിലെ പുത്തൻതോട് വളവിനു ശാപമോക്ഷം
1339425
Saturday, September 30, 2023 2:12 AM IST
നെടുമ്പാശേരി: വർഷങ്ങളായി ഗതാഗത കുരുക്കും അപകടങ്ങളും പതിവായ ചെങ്ങമനാട്-വെടിമറ റോഡിലെ പുത്തൻതോട് വളവിനു ശാപമോക്ഷമാകുന്നു. ഇവിടുത്തെ വളവ് നിവർത്താൻ സർക്കാർ 2 .5 കോടി രൂപ അനുവദിച്ചു. റോഡ് പണിയുടെ പരിഷ്കരിച്ച അലൈമെന്റ് സർക്കാർ അംഗീകരിക്കുകയും ഇതനുസരിച്ച് സ്ഥലമെടുപ്പിനുള്ള 6(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വളവ് നിവർത്തി വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം എടുക്കുന്നതിന്റെ ഭാഗമായിട്ടുള്ള കല്ലിടൽ അൻവർ സദാത്ത് എംഎൽഎ നിർവഹിച്ചു. 450 മീറ്റർ നീളത്തിൽ പത്ത് മീറ്റർ വീതിയിലാണ് പുതിയ റോഡ് പണി നടത്തുന്നത്. നിലവിൽ ഈ ഭാഗത്ത് ആറ് മുതൽ ഏഴ് മീറ്റർ വരെയാണ് വീതി. അപകടകരമായ വളവും ഉണ്ട്.
ഇതിനോടകം ഇവിടെ നിരവധി ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞിട്ടുള്ളത്. പുതുതായി എറ്റെടക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് വില നൽകുമെന്നും, ഏറ്റെടുപ്പ് പൂർത്തിയായൽ ഉടൻ പണി ടെൻഡർ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.
പറവൂർ, കൊടുങ്ങല്ലൂർ, മാള എന്നിവടങ്ങളിൽനിന്ന് കൊച്ചി വിമാനത്താവളം, ദേശീയ പാത 66 തുടങ്ങിയ ഏറെ പ്രാധാന്യമുള്ള ഇടങ്ങളിലേക്ക് ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ വരുന്ന റോഡാണിത്. കല്ലിടലിന് പിഡബ്ല്യുടി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ടി.ഐ. മുഹമ്മദ് ബഷീർ, അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, അബിളി ഗോപി, റെജീന നാസർ, ജോബി നെൽക്കര, നൗഷാദ് പാറപ്പുറം, വിജിത വിനോദ്, ഷക്കീല മജീദ് എന്നിവർ സന്നഹിതരായി.